ഓഗസ്റ്റ് 11ന് കണ്ണൂർ ജില്ലയെ അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിക്കും

കണ്ണൂർ: ജില്ലയെ അതിദാരിദ്ര്യ മുക്തമായി ഓഗസ്റ്റ് 11ന് പ്രഖ്യാപിക്കും. ജില്ലാപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ രാവിലെ 9.30 ന് നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി .രാജേഷ് പ്രഖ്യാപനം നിർവഹിക്കും.
സംസ്ഥാനത്തെ ആദ്യ അതിദാരിദ്ര്യമുക്ത ജില്ല എന്ന ലക്ഷ്യം 2025 മെയ് 22നാണ് കണ്ണൂർ സാക്ഷാത്കരിച്ചത്. 2021 ഓഗസ്റ്റിൽ ആരംഭിച്ച അതിദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ആദ്യഘട്ടമായി ഭക്ഷണം, ആരോഗ്യം, സുരക്ഷിതമായ താമസ സ്ഥലം, അടിസ്ഥാന വരുമാനം എന്നിവയില്ലാത്ത അർഹരായ 3973 കുടുംബാംഗങ്ങളെ കണ്ടെത്തി ആവശ്യാനുസരണം മൈക്രോ പ്ലാൻ തയ്യാറാക്കിയിരുന്നു. പിന്നീട് 1078 പേർക്ക് ഭക്ഷണവും 2296 പേർക്ക് സാന്ത്വന പരിചരണവും ചികിത്സയും ലഭ്യമാക്കി. ഉപജീവനമാർഗം ആവശ്യമുളള 235 പേർക്ക് തദ്ദേശ സ്ഥാപനങ്ങൾ സൗകര്യമൊരുക്കുകയും കുടുംബശ്രീ മുഖേന തൊഴിൽ ലഭ്യമാക്കുകയും ചെയ്തു. 967 കുടുംബങ്ങൾക്ക് വീട്, ഒൻപത് ടോയ്‌ലറ്റുകൾ, 17 കുടുംബങ്ങൾക്ക് കുടിവെള്ളം, എട്ട് വീടുകളിൽ വൈദ്യുതീകരണം എന്നിവയും ഇതിന്റെ ഭാഗമായി ലഭ്യമാക്കി. സംസ്ഥാനത്ത് ആദ്യമായി അതിദാരിദ്ര്യ മുക്തമായി പ്രഖ്യാപിച്ച കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്, ധർമ്മടം നിയമസഭാ നിയോജക മണ്ഡലം എന്നിവയും കണ്ണൂർ ജില്ലയിലാണ്.