ധര്‍മസ്ഥലയിലെ കൊലപാതകങ്ങള്‍: കുഴിച്ച് പരിശോധനയില്‍ അസ്ഥികള്‍ കണ്ടെത്തി

കര്‍ണാടക: കര്‍ണാടകയിലെ ധര്‍മസ്ഥലയില്‍ സ്ത്രീകളെയും കുട്ടികളെയും ബലാല്‍സംഗം ചെയ്ത് കൊന്ന് കുഴിച്ചിട്ട സ്ഥലത്ത് നിന്ന് അസ്ഥികള്‍ കണ്ടെത്തി. പ്രത്യേക പോലിസ് സംഘവും മെഡിക്കല്‍, റെവന്യു, വനംവകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അസ്ഥികള്‍ കണ്ടെത്തിയത്. ഈ അസ്ഥികള്‍ ഫോറന്‍സിക് വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടുതല്‍ പരിശോധനകള്‍ക്കായി മാറ്റി. അസ്ഥികളുടെ സ്വഭാവം, ലിംഗം, പ്രായം, മരണകാരണം തുടങ്ങിയവ അറിയാന്‍ ശാസ്ത്രീയ പരിശോധന നടത്തും ധര്‍മസ്ഥല ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രദേശത്ത് പരിശോധനകള്‍ നടക്കുന്നത്. ഇന്നലെ അഞ്ച് സ്ഥലങ്ങള്‍ കുഴിച്ചാണ് പരിശോധിച്ചിരുന്നത്. പക്ഷേ, മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളൊന്നും ലഭിച്ചിരുന്നില്ല. കീറിയ ചുവന്ന ബ്ലൗസ്, രണ്ട് എടിഎം കാര്‍ഡുകള്‍, പാന്‍ കാര്‍ഡ് എന്നിവയാണ് ലഭിച്ചത്. അവയില്‍ ഒന്ന് ലക്ഷ്മി എന്ന സ്ത്രീയുടേതാണ്. ഇതിലെല്ലാം പരിശോധനകള്‍ നടന്നുവരുകയാണ്. മൃതദേഹങ്ങള്‍ സംസ്‌കരിച്ചെന്ന് പറയുന്ന എട്ടു സ്ഥലങ്ങള്‍ നേത്രാവതി നദിയുടെ തീരത്താണ്. ഒമ്പത് മുതല്‍ 12 വരെയുള്ള സ്ഥലങ്ങള്‍ നേത്രാവതി നദിയുടേയും ഹൈവേയുടെയും ഇടയിലാണ്. പതിമൂന്നാം സ്ഥലം നേത്രാവതിക്കും ആജുകുറിക്കും ഇടയിലാണ്. രണ്ട് പ്രദേശങ്ങള്‍ കന്യാടിയിലാണ്. 2018ലെ പ്രളയത്തില്‍ നേത്രാവതി നദിയുടെ തീരത്ത് നിന്ന് മണ്ണിടിഞ്ഞ് പോയിരുന്നു എന്നത് തെളിവ് ശേഖരണത്തില്‍ അന്വേഷണ സംഘത്തിന് വെല്ലുവിളിയാണ്.