കേരള സംസ്ഥാന പ്ലാനിങ് ബോർഡിൽ സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം

കേരള സംസ്ഥാന പ്ലാനിങ് ബോർഡ് (പട്ടം, തിരുവനന്തപുരം) ഇവാലുവേഷൻ ഡിവിഷൻ നടപ്പാക്കുന്ന സ്റ്റുഡന്റ്‌സ് ഇന്റേൺഷിപ്പ് പ്രോഗ്രാം 2025-’26-ലേക്ക് അപേക്ഷിക്കാം. സംസ്ഥാനത്തെ യുവ സ്കോളർമാരിൽ തെളിവുകൾ അടിസ്ഥാനമാക്കിയുള്ള ആസൂത്രണവും നയ അധിഷ്ഠിതവുമായ ഗവേഷണവും പ്രോത്സാഹിപ്പിക്കാൻ പ്രോഗ്രാം ലക്ഷ്യമിടുന്നു. കാലാവധി മൂന്നുമാസമാണ്.
മേഖലകൾ
കൃഷിയും അനുബന്ധ പ്രവർത്തനങ്ങളും; സഹകരണ സംഘങ്ങൾ; വികേന്ദ്രീകരണവും സദ്ഭരണവും; ജനസംഖ്യാശാസ്ത്രവും പരിചരണ സമ്പദ്‌വ്യസ്ഥയും; ദുരന്തനിവാരണം; വിദ്യാഭ്യാസവും വിജ്ഞാന സമ്പദ് വ്യവസ്ഥയും; പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും; സമ്പദ് വ്യവസ്ഥയുടെ സ്ഥിതിയും ധന സമാഹരണവും; ആരോഗ്യവും പോഷകാഹാരവും; വ്യവസായവും നവീനാശയങ്ങളും അടിസ്ഥാന സൗകര്യങ്ങളും; ഐടി ടൂറിസം കുടിയേറ്റം; ലേബർ എംപ്ലോയ്‌മെന്റ് നൈപുണ്യ വികസനം; എംഎസ്എംഇകളും സംരംഭകത്വവും; ദാരിദ്ര്യവും ഉപജീവനവും; പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളും മറ്റ് പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളും; സാമൂഹിക സുരക്ഷയും വികസനവും; സ്ത്രീ-ശിശു വികസനം; പൊതു നയം; സംസ്ഥാനത്തിന്റെ വികസനവും ആസൂത്രണ പ്രക്രിയയുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും വിഷയം.
യോഗ്യത
ഇന്ത്യയിലെ അംഗീകൃത സർവകലാശാല/കോളേജ്/ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്ഡി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം (അവസാന വർഷം/സെമസ്റ്റർ) പഠിക്കുന്നവരാകണം. ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, സോഷ്യോളജി, ഡിവലപ്‌മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്സ്, കൊമേഴ്‌സ്, െഡമോഗ്രാഫി, അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, എൻവയൺമെന്റൽ സയൻസ്, സോഷ്യൽ വർക്ക്, വിദ്യാഭ്യാസം, നിയമം, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് പോളിസി എന്നിവയിലൊന്നായിരിക്കണം, ബിരുദാനന്തരബിരുദം അല്ലെങ്കിൽ പിഎച്ച്ഡി തലത്തിലെ വിഷയം.
അപേക്ഷ
വിജ്ഞാപനം അനുബന്ധം-I ആയി നൽകിയിട്ടുള്ള മാതൃകയിൽ അപേക്ഷിക്കാം. 1500 വാക്കുകളുള്ള റിസർച്ച് പ്രൊപ്പോസൽ അപേക്ഷയോടൊപ്പം നൽകണം. റിസർച്ച് പ്രൊപ്പോസൽ ഇല്ലാത്ത അപേക്ഷകൾ പരിഗണിക്കുന്നതല്ല. വിജ്ഞാപനത്തിന്റെ അനുബന്ധം-II ൽ നൽകിയിരിക്കുന്ന ഫോർമാറ്റിൽ, വകുപ്പ് മേധാവിയുടെ ശുപാർശക്കത്തും പൂരിപ്പിച്ച അപേക്ഷാ ഫോമിനൊപ്പം സമർപ്പിക്കണം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധങ്ങളും internshipspb2025@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ ജൂലായ് 30-ന് രാത്രി 11.59-നകം ലഭിക്കണം.
തിരഞ്ഞെടുപ്പ്, ആനുകൂല്യങ്ങൾ
വ്യക്തിഗത അഭിമുഖത്തിന്റെയും സമർപ്പിച്ച റിസർച്ച് പ്രൊപ്പോസലിന്റെ ഗുണനിലവാരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ബന്ധപ്പെട്ട ഗൈഡ് ഒപ്പിട്ട് അംഗീകരിച്ച അന്തിമ റിപ്പോർട്ട്, നിർദിഷ്ട ഫോർമാറ്റിൽ, നിശ്ചിത സമയത്തിനുള്ളിൽ സംസ്ഥാന ആസൂത്രണ ബോർഡിന് സമർപ്പിക്കണം. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുമ്പോൾ പിജി ഇന്റേൺമാർക്ക് 24,000/- രൂപയും പിഎച്ച്ഡി ഇന്റേൺമാർക്ക് 30,000/- രൂപയും ലഭിക്കും.