വഴി കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ചുമാറ്റിത്തുടങ്ങി

കണ്ണൂർ: കണ്ണൂർ പുതിയ ബസ് സ്റ്റാൻഡിന് പിറകുവശം വഴി കൈയേറി കെ കെ ബിൽഡേഴ്സ് നിർമിച്ച കെട്ടിടം പൊളിച്ചുമാറ്റി തുടങ്ങി. കെട്ടിടം പൊളിക്കാത്തതില്‍ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില്‍ തിങ്കളാഴ്ച കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്നാണ് കൈയേറ്റം പൊളിച്ചുനീക്കാന്‍ കോര്പ്പറേഷന് നിര്‍ബന്ധിതരായത്. ഞായര്‍ രാവിലെയാണ് കൈയേറ്റം പൊളിക്കാന്‍ തുടങ്ങിയത്. പൊളിച്ചുനീക്കുന്ന പ്രവൃത്തി തുടങ്ങി ഏതാനും സമയം കഴിഞ്ഞപ്പോള്‍ പണിക്കാര് ജോലിനിര്‍ത്തി. തുടര്‍ന്ന് മേയറുടെയും ഡെപ്യൂട്ടി മേയറുടെയും മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചതോടെയാണ് പ്രവൃത്തി വീണ്ടും തുടങ്ങിയത്. 15ന് സഞ്ചാരസ്വാതന്ത്യം നിഷേധിച്ചുള്ള കൈയേറ്റം പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പുതിയ ബസ് സ്റ്റാന്‍ഡില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സ്ഥലത്തെത്തിയ സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് പ്രശ്നപരിഹാരത്തിനായി കോര്പ്പറേഷന് സെക്രട്ടറി വിനു സി കുഞ്ഞപ്പനുമായി ചര്‍ച്ച നടത്തി. കെട്ടിടം പൊളിച്ചുമാറ്റുമെന്നും അന്ന് ഉറപ്പുനല്‍കിയിരുന്നു. കെട്ടിടം പൊളിക്കാന്‍ കാലതാമസം വന്നതോടെ സിപിഐ എം കോര്‍പ്പറേഷനിലേക്ക് മാര്‍ച്ച് നടത്താന്‍ അഹ്വാനം ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ പരാതി നൽകിയതിനെ തുടർന്ന് കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവായിരുന്നു. എന്നാൽ, കോർപറേഷൻ നടപടിയെടുത്തില്ല. കെട്ടിടമുള്ളതിനാൽ വർഷങ്ങളായി പ്രദേശവാസികളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയായിരുന്നു. സഞ്ചാര സ്വാതന്ത്യം നിഷേധിച്ചുള്ള കെൈയേറ്റം പൊളിച്ചുമാറ്റാന്‍ സിപിഐ എം നടത്തിയ ഇടപെടലുകളാണ് പ്രശ്ന പരിഹാരത്തിന് വഴിയൊരുക്കിയത്.