തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു; ഭരണസമിതി പിരിച്ചുവിട്ടു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കടുത്ത നടപടിയുമായി സർക്കാർ. സ്കൂൾ ഭരണസമിതിയെ പിരിച്ചുവിട്ട് ഭരണം സർക്കാർ ഏറ്റെടുത്തു. കൊല്ലം വിദ്യാഭ്യാസ ജില്ലാ ഓഫീസർക്ക് പകരം ചുമതല നൽകും. മിഥുന്റെ മരണത്തിനിടയാക്കിയത് സ്കൂൾ മാനേജ്മെന്റിന്റെ കൃത്യവിലോപത്താലാണെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടിയെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിദ്യാർഥിയുടെ മരണത്തിൽ സ്കൂൾ മാനേജ്മെന്റിന് ഗുരുതരമായ വീഴ്ചകൾ സംഭവിച്ചതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രഥമ അധ്യാപികയെ സസ്പെൻഡ് ചെയ്തിരുന്നു. സ്കൂൾ മാനേജരെ അയോഗ്യനാക്കി. സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ മെയ് 13നും 31നും രണ്ട് സർക്കുലറുകളിലൂടെ സ്‌കൂൾ സുരക്ഷാ പ്രോട്ടോക്കോൾ സംബന്ധിച്ച കർശന നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. മുഖ്യമന്ത്രിയുടെയും വിദ്യാഭ്യാസമന്ത്രിയുടെയും അധ്യക്ഷതയിൽ യോഗങ്ങൾ ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. എന്നിട്ടും ദാരുണമായ അപകടമാണ് തേവലക്കര ഹൈസ്കൂളിൽ സംഭവിച്ചതെന്നും മന്ത്രി പറഞ്ഞു. മിഥുന്റെ കുടുംബത്തിന് ധനസഹായമായി മൂന്ന് ലക്ഷം രൂപ അനുവദിച്ചു. 10 ലക്ഷം രൂപയുടെ ധനസഹായം നൽകുമെന്ന് സ്‌കൂൾ മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. അധ്യാപക സംഘടനയായ കെഎസ്ടിഎ 10 ലക്ഷം രൂപ ധനസഹായം ഉടൻ തന്നെ കൈമാറുമെന്നും മന്ത്രി അറിയിച്ചു.