സഞ്ചാരികളെ വരു… നിടുകുളം കടവ് പാർക്ക് വിളിക്കുന്നു

Share our post

മട്ടന്നൂർ: വിനോദ സഞ്ചാര വകുപ്പിന്റെ ഡെസ്റ്റിനേഷൻ ടൂറിസം ചലഞ്ച് പദ്ധതിയിലൂടെ ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ച നിടുകുളം കടവ് പാർക്ക് മുഖംമിനുക്കി സഞ്ചാരികളെ സ്വാഗതം ചെയ്യാനൊരുങ്ങുന്നു. ഒരു പഞ്ചായത്തിൽ ഒരു ടൂറിസ്റ്റ് കേന്ദ്രം എന്ന ലക്ഷ്യത്തോടെ കൂടാളി പഞ്ചായത്തിൽ നിർമിച്ച നിടുകുളം കടവ് പാർക്കിന്റെ ഒന്നാംഘട്ട നിർമാണ പ്രവൃത്തികൾ പൂർത്തിയായി. വാക്‌വേ, ഓപ്പൺ സ്റ്റേജ്, കോഫി ഷോപ്പ്, ടോയ്‌ലറ്റ് ബ്ലോക്ക്, റീട്ടെയിനിങ് വാൾ, ഷെൽട്ടർ, ഹട്ടുകൾ തുടങ്ങിയ സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിട്ടുണ്ട്. മഴക്കാലത്ത് വെള്ളം കയറുന്ന സ്ഥലമായതിനാൽ മൈനർ ഇറിഗേഷൻ വകുപ്പിന്റെ സഹകരണത്തോടെ പുഴയോര ഭിത്തിയും നിർമിച്ചിട്ടുണ്ട്. വിനോദ സഞ്ചാര വകുപ്പിന്റെയും കൂടാളി പഞ്ചായത്തിന്റയും ഫണ്ട് ഉപയോഗിച്ച് നിലവിലെ പാർക്ക് 62 ലക്ഷം രൂപ ചെലവിൽ നവീകരിക്കുകയായിരുന്നു. വളപട്ടണം പുഴയുടെ തീരത്ത് നിർമിച്ച ഈ കേന്ദ്രം പൂർണമായും പ്രകൃതി സൗഹൃദപരമായ രീതിയിലാണ് സജ്ജമാക്കിയിട്ടുള്ളത്. ഫോട്ടോഷൂട്ടുകൾക്കും യോഗങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന. മരത്തണലിൽ ഇരുന്ന് പ്രകൃതിയെ ആസ്വദിക്കാൻ ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ രണ്ടാംഘട്ടത്തിൽ കുട്ടികളുടെ പാർക്കും പുഴ കേന്ദ്രീകരിച്ച് ഹൗസ്ബോട്ടുകളും പദ്ധതിയുടെ ഭാഗമായി പരിഗണനയിലുണ്ട്. സാമൂഹ്യ മാധ്യമങ്ങൾവഴി അറിഞ്ഞ് നിരവധി പേർ ഈ സ്ഥലം തേടിയെത്താറുണ്ട്. പ്രകൃതിമനോഹരമായ ഈ മേഖലയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പഞ്ചായത്തിന് വരുമാനം കണ്ടെത്താൻ പദ്ധതി സഹായകരമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!