ഓണം വിപണി കീഴടക്കാൻ ഖാദിയുടെ ഡിസൈനർ വസ്ത്രങ്ങൾ എത്തുന്നു

Share our post

കണ്ണൂർ: ഖാദി വസ്ത്രങ്ങൾ കൂടുതൽ ജനപ്രിയമാക്കാനും കുട്ടികൾക്കും യുവാക്കൾക്കുമിടയിൽ പ്രചാരം ലഭിക്കുവാനും ഡിസൈനർ വസ്ത്രങ്ങളും കുഞ്ഞുടുപ്പുകളും ഖാദി പട്ട് സാരികളുമെല്ലാം ഇത്തവണത്തെ ഓണം വിപണിയിലുണ്ടാകുമെന്ന് ഖാദി ബോർഡ്‌ വൈസ് ചെയർമാൻ പി ജയരാജൻ.
‘എനിക്കും വേണം ഖാദി’ എന്ന ഓണം മേള ഖാദി പ്രചാരണ ക്യാമ്പയിനിന്റെ ഭാഗമായി ജില്ലാ പഞ്ചായത്തിൽ സംഘടിപ്പിച്ച പ്രചാരക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഓഗസ്റ്റ് ഒന്നു മുതൽ സെപ്റ്റംബർ നാല് വരെയാണ് ‘എനിക്കും വേണം ഖാദി’ ക്യാമ്പയിൻ ജില്ലയിൽ നടക്കുക. പുതിയ തലമുറയെ ഖാദിയിലേക്ക് ആകർഷിക്കുന്നതിനായി ഡിസൈനർ ഷർട്ട്‌, ചുരിദാർ, ടോപ്പുകൾ, കുഞ്ഞുടുപ്പുകൾ, ഖാദി കസവ് സാരികൾ, വെസ്റ്റേൺ വെയേഴ്സ്, സ്ലിംഗ് ബാഗുകൾ തുടങ്ങിയവ വിതരണത്തിനുണ്ടാകും. നൂൽ മുതൽ വസ്ത്രം വരെ പൂർണമായും കൈ കൊണ്ട് ഉണ്ടാക്കുന്നതാണ് പരിസ്ഥിതി സൗഹൃദമായ ഖാദി വസ്ത്രമെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഉത്പാദിപ്പിക്കുന്ന, കൂടുതലും വനിതകളായ തൊഴിലാളികൾക്ക് തൊഴിലും കൂലിയും നൽകാൻ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ വേണം.

വ്യാജ ഖാദി ഉൽപ്പന്നങ്ങളെ തിരിച്ചറിയണമെന്നും ദേശീയ പ്രസ്ഥാനത്തിന്റെ മൂല്യങ്ങൾ പൂർണമായും നിലനിർത്തുന്നതാണ് കേരള ഖാദി എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയാണ് ഖാദിയുടെ ബ്രാൻഡ് അംബാസഡർ. വൈവിധ്യവൽക്കരണത്തിലൂടെ അഭിഭാഷകരുടെയും ഡോക്ടർമാരുടെയും പ്രൊഫഷണൽ യൂണിഫോമിൽ പോലും ഖാദി ഇടം പിടിച്ചതായും അദ്ദേഹം പറഞ്ഞു ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ്, പയ്യന്നൂർ ഖാദി കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൽ നടന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്നകുമാരി അധ്യക്ഷയായി.  ജില്ലയിലെ വിവിധ സർവീസ് സംഘടനകളുടെ പ്രതിനിധികൾ, ബാർ അസോസിയേഷൻ, ലൈബ്രറി കൗൺസിൽ, കണ്ണൂർ പ്രസ് ക്ലബ്‌ തുടങ്ങിയവയുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ സി കൃഷ്‌ണൻ, ജില്ല ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, ലീഡ് ബാങ്ക് മാനേജർ ഡോ. രഞ്ജിത്ത് കെ എസ്, പയ്യന്നൂർ ഖാദി കേന്ദ്രം ഡയറക്ടർ വി ഷിബു, ഖാദി പ്രൊജക്റ്റ്‌ ഓഫീസർ ഷോളി ദേവസി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!