ജയിൽചാട്ടത്തിൽ സമ​ഗ്ര അന്വേഷണം; കൊടുംക്രിമിനലുകൾക്ക് അന്തർസംസ്ഥാന ജയിൽമാറ്റവും ആലോചിക്കും

Share our post

തിരുവനന്തപുരം: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊടുംകുറ്റവാളി ഗോവിന്ദച്ചാമി ചാടിപ്പോയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. മുൻ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് റിട്ട. സി എൻ രാമചന്ദ്രൻ നായർ, മുൻ സംസ്ഥാന പൊലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് പ്രത്യേക അന്വേഷണം നടത്തുക. നിലവിൽ പൊലീസ് അന്വേഷണവും വകുപ്പ്തല പരിശോധനകളും നടക്കുന്നുണ്ട്. ഇതിന് പുറമെയാണ് പ്രത്യേകമായ സമഗ്ര അന്വേഷണം. മുഖ്യമന്ത്രി അടിയന്തരമായി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

കണ്ണൂർ സെൻട്രൽ ജയിലിൽ ഉണ്ടായത് അത്യന്തം ഗൗരവം ഉള്ളതും വിശദമായ പരിശോധന നടത്തി നടപടി സ്വീകരിക്കേണ്ടതുമായ സംഭവമാണെന്ന് മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു. അടുത്ത മൂന്നു മാസത്തിനകം സംസ്ഥാനത്തെ പ്രധാനപ്പെട്ട നാലു ജയിലുകളിലും വൈദ്യുതി ഫെൻസിങ് പൂർണതോതിൽ പ്രവർത്തനക്ഷമമാക്കണമെന്ന് തീരുമാനമെടുത്തു. സൂക്ഷ്മതലത്തിൽ ദൃശ്യങ്ങൾ പകർത്താൻ കഴിയുന്ന ഇന്റലിജൻഡ് സിസിടിവി നാല് പ്രധാന ജയിലുകളിൽ സ്ഥാപിക്കും. ഇതിനുള്ള നടപടി അടിയന്തരമായി തുടങ്ങും. ജയിൽ ജീവനക്കാർ തുടർച്ചയായി ഒരേ സ്ഥലത്ത് തുടരുന്നത് കണക്കിലെടുത്ത്, അതുമൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ഓരോ സ്ഥലത്തും അഞ്ചുവർഷം പൂർത്തിയാക്കിയവരെ മറ്റിടങ്ങളിലേക്ക് മാറ്റും. ജയിലിനകത്ത് ഇൻ്റലിജൻസ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും.

ശിക്ഷിക്കപ്പെട്ട കൊടുംക്രിമിനലുകളിൽ പലരെയും ഇപ്പോൾ അതീവ സുരക്ഷാ ജയിലിലാണ് പാർപ്പിക്കുന്നത്. ഇത്തരക്കാർക്ക് അന്തർ സംസ്ഥാന ജയിൽ മാറ്റം കൂടി ആലോചിക്കും. ജയിലുകളിൽ ഇപ്പോൾ വീഡിയോ കോൺഫറൻസിംഗ് സംവിധാനമുണ്ട്. അത് ശക്തിപ്പെടുത്താനുള്ള നടപടികൾ സ്വീകരിക്കും. ജയിലിനകത്ത് തടവുകാർക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ വർധിപ്പിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ നടക്കുന്ന അന്വേഷണങ്ങൾ അതിവേഗം പൂർത്തിയാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. സംസ്ഥാന ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,ആഭ്യന്തര അഡിഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെ ബിജു, ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായ, ഇന്റലിജൻസ് അഡീഷണൽ ഡിജിപി പി വിജയൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പുതിയ സെൻട്രൽ ജയിൽ

താങ്ങാനാവുന്നതിൽ കൂടുതൽ തടവുകാർ ജയിലുകളിൽ ഉള്ള സാഹചര്യത്തിൽ പുതിയ ഒരു സെൻട്രൽ ജയിൽ ആരംഭിക്കും. ഇതിനായി കോട്ടയം, പത്തനംതിട്ട മേഖലകളിൽ സ്ഥലം കണ്ടെത്താൻ ശ്രമിക്കുമെന്നും യോഗം തീരുമാനമെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!