ഹെർമൻ ഗുണ്ടർട്ട് കോളേജിൽ ബിരുദകോഴ്സുകൾ തുടങ്ങുന്നു

തലശേരി: മലയാളഭാഷക്കും സംസ്കാരത്തിനും വിലമതിക്കാനാകാത്ത സംഭാവന നൽകിയ ഹെർമൻ ഗുണ്ടർട്ടിന്റെ നിത്യസ്മരണക്ക് തലശേരിയിൽ ഉന്നത വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെയും കണ്ണൂർ സർവകലാശാലയുടെയും അംഗീകാരമുള്ള ഹെർമൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ഈ അധ്യയനവർഷം പ്രവർത്തനം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പുതുതലമുറ കോഴ്സുകൾക്കൊപ്പം പരമ്പരാഗത കോഴ്സുകളും പഠിക്കാൻ അവസരമൊരുക്കുന്ന കലാലയം ക്രൈസ്റ്റ് എഡ്യുക്കേഷൻ കോംപ്ലക്സിലാണ് പ്രവർത്തിക്കുക. ബികോം(കോ–-ഓപ്പറേഷൻ), ബികോം (ലോജിസ്റ്റിക്), ബിബിഎ (ട്രാവൽ ആൻഡ് ടൂറിസം), ബിഎസ്സി കംപ്യൂട്ടർ സയൻസ് (എഐ ആൻഡ് മെഷീൻ ലേണിങ്ങ്), ബിഎ ഇംഗ്ലീഷ്, ബിഎ ഹിസ്റ്ററി കോഴ്സുകളിലേക്ക് 215 വിദ്യാർഥികൾക്കാണ് ഈ വർഷം പ്രവേശനം. എഐസിടിഇ അംഗീകാരം ലഭിച്ചാൽ അടുത്ത വർഷംമുതൽ ബിസിഎ കോഴ്സും ആരംഭിക്കും. തുടർന്ന വർഷങ്ങളിൽ കൂടുതൽ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്സുകൾ ആരംഭിക്കും. പ്രവേശനത്തിന് കണ്ണൂർ സർവകലാശാലയുടെ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഹെർമൻ ഗുണ്ടർട്ട് കോളേജിലെ കോഴ്സുകൾക്ക് ഓപ്ഷൻ നൽകാം. ഇതേവരെ അപേക്ഷ നൽകാത്തവർക്കും ഈ അവസരം ഉപയോഗിക്കാം.
പതിറ്റാണ്ടുകളുടെ പാരമ്പര്യവുമായി
വിദ്യാഭ്യാസരംഗത്ത് നാല് പതിറ്റാണ്ടിലേറെ പാരമ്പര്യമുള്ള തലശേരി എഡ്യുക്കേഷണൽ ആൻഡ് കൾച്ചറൽ സൊസൈറ്റിയാണ് ഹെർമൻ ഗുണ്ടർട്ട് കോളേജ് ആരംഭിച്ചത്. ഗുണ്ടർട്ട് റഫറൻസ് ലൈബ്രറിയും കരയത്തിൽ നാരായണൻ സ്മാരക ലൈബ്രറിയും സൊസൈറ്റിയുടെ ഭാഗമായുണ്ട്. തലശേരി ടൗണിൽ നിരവധി ഹൈസ്കൂളും ഹയർസെക്കൻഡറി സ്കൂളുകളുമുണ്ടെങ്കിലും സർവകലാശാല അംഗീകാരമുള്ള കോളേജില്ല. ഇതിന് പരിഹാരമായാണ് ഹെർമൻ ഗുണ്ടർട്ട് കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് ആരംഭിക്കുന്നതെന്ന് സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സൊസൈറ്റി സെക്രട്ടറി പി എം പ്രഭാകരൻ, പ്രസിഡന്റ് അഡ്വ . വി കെ പ്രഭാകരൻ, പ്രിൻസിപ്പൽ പ്രൊഫ. കെ ബാലൻ, ഭരണസമിതി അംഗങ്ങളായ ടി പി ശ്രീധരൻ, സി അശോക്കുമാർ, അഡ്മിനിസ്ട്രേട്ടീവ് ഓഫീസർ വി ബാബു എന്നിവർ പങ്കെടുത്തു.