രാജ്യത്ത് 19 ഇടങ്ങളിൽ കേരള മാതൃകയിൽ വാട്ടർ മെട്രോ

Share our post

കൊച്ചി: കേരളത്തിന്റെ മാതൃകയിൽ രാജ്യത്തെ വിവിധ സ്ഥലങ്ങളിൽ നടപ്പാക്കുന്ന വാട്ടർ മെട്രോയിൽ പ്രഥമ പരിഗണന മുംബൈയ്ക്ക്‌. ഇതുൾപ്പെടെ രാജ്യത്ത് 19 ഇടങ്ങളിൽ വാട്ടർ മെട്രോ നടപ്പാക്കുന്നതിനാണ് നിലവിൽ ശ്രമം നടക്കുന്നത്. ഇതിൽ മുംബൈയ്ക്കുവേണ്ടി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) സാധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിച്ചത് മഹാരാഷ്ട്ര സർക്കാർ അംഗീകരിച്ചു. വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികളിലാണ് മഹാരാഷ്ട്ര. മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ ഇവിടെ പദ്ധതി ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.രാജ്യത്തെ ആദ്യ വാട്ടർമെട്രോയാണ് കൊച്ചിയിലേത്. രാജ്യത്തെ മറ്റു നഗരങ്ങളിൽ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസർക്കാർ കെഎംആർഎല്ലിനെ സമീപിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. മഹാരാഷ്ട്രയിൽ പദ്ധതി രൂപരേഖ തയ്യാറാക്കുന്നതിനുള്ള ഏജൻസിയെ കണ്ടെത്തുന്നതിനുള്ള ടെൻഡറിൽ കെഎംആർഎല്ലും പങ്കെടുക്കുന്നുണ്ട്.കൊച്ചിയിൽ പദ്ധതി നടപ്പാക്കിയതിന്റെ അടിസ്ഥാനത്തിൽ ഈ കരാറും കെഎംആർഎല്ലിന് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത്തരത്തിൽ രാജ്യത്തെ മറ്റിടങ്ങളിലും അന്തിമ റിപ്പോർട്ട് തയ്യാറാക്കാനും പദ്ധതി നടപ്പാക്കാനുമുള്ള കരാർ നേടാനായാൽ കെഎംആർഎല്ലിന് നേട്ടമാകും. നിലവിൽ പത്തുസ്ഥലങ്ങളിൽ കെഎംആർഎൽ സംഘത്തിന്റെ പഠനം അന്തിമഘട്ടത്തിലാണ്. അയോധ്യ, പ്രയാഗ്‌രാജ്, വാരാണസി, ശ്രീനഗർ, പട്‌ന, അഹമ്മദാബാദ്, സൂറത്ത്, ഗുവാഹാട്ടി, തേജ്പുർ, ഡിബ്രുഗഢ് എന്നിവിടങ്ങളിലാണിത്. പഹൽഗാം ആക്രമണവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിന് അയവുവന്നതിന് തൊട്ടുപിന്നാലെയാണ് കെഎംആർഎൽ സംഘം ശ്രീനഗർ സന്ദർശിച്ചത്. ഈ മാസംതന്നെ ശ്രീനഗറിലെ പഠനറിപ്പോർട്ട് സമർപ്പിക്കും. ഡിസംബർ 31-നകം എല്ലാ സ്ഥലങ്ങളിലെയും സാധ്യതാപഠനം പൂർത്തിയാക്കണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!