ശുചിത്വസുന്ദര നഗരമാകാൻ ഇരിട്ടി

ഇരിട്ടി: നഗരസഭ മികവിലേക്ക്. 2015ലാണ് നഗരസഭ നിലവിൽ വന്നത്. നേരത്തെ കീഴൂർ–- ചാവശേരി പഞ്ചായത്തായിരുന്ന ഘട്ടത്തിൽ പ്രവർത്തിച്ചിരുന്ന അത്തിത്തട്ടിലെ മാലിന്യ സംസ്കരണ കേന്ദ്രം ആദ്യ നഗരസഭാഭരണസമിതി പരിഷ്കരിച്ച് ശസ്‌ത്രീയ മാലിന്യസംസ്കരണത്തിന് തുടക്കമിട്ടു. രണ്ടാം ഭരണസമിതി ഇക്കാലയളവിൽ ശാസ്‌ത്രീയ മാലിന്യ ശേഖരണ, സംസ്കരണ പദ്ധതികൾ ഏറ്റെടുത്ത് അത്തിത്തട്ടിൽ തുമ്പൂർമൂഴി, വിൻഡ്രോ കമ്പോസ്റ്റ് സംവിധാനങ്ങൾ നടപ്പാക്കി. മാലിന്യം സംസ്കരിച്ച് ജൈവാമൃതം പേരിൽ വളമാക്കി വിൽപ്പന നടത്തുന്ന നിലയിലേക്ക് ശുചിത്വ പ്രവർത്തനം മാറ്റിയെടുക്കാനായി. ശുചിത്വ പ്രവർത്തനങ്ങളിലൂടെ കേന്ദ്ര സ്വച്ഛ് സർവേക്ഷൻ സർവേയിൽ നഗരസഭ 250ാം സ്ഥാനം നേടി. നേരത്തെ 1736ാം സ്ഥാനത്തായിരുന്നു. ഗാർബേജ് ഫ്രീ സിറ്റി സ്റ്റാർ റേറ്റിങിൽ വൺ സ്റ്റാർ പദവിയും ഒഡിഎഫ് പ്ലസ് സർട്ടിഫിക്കറ്റും നേടാനായി. ഉറവിട മാലിന്യ സംസ്‌കരണത്തിലൂന്നിയാണ് നഗരസഭയുടെ മാലിന്യ നിർമാർജന പദ്ധതികൾ. ഭൂരിഭാഗം വീടുകളിലും റിങ് കമ്പോസ്റ്റിങ് നടപ്പാക്കി. അവശേഷിച്ച പത്ത് ശതമാനം വീടുകളിലും റിങ് പദ്ധതിയെത്തിക്കും. വാതിൽപ്പടി ശേഖരണം വഴി പ്ലാസ്റ്റിക്, അജൈവ മാലിന്യങ്ങൾ ഹരിതകർമ സേന മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ എത്തിക്കുന്നു. മാസ്‌ക്, ഗ്ലൗസ്, ഗം ബൂട്ട്, യൂണിഫോം, തിരിച്ചറിയൽ കാർഡ് എന്നിവയും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും സേനയ്‌ക്ക് ഉറപ്പാക്കി. മാലിന്യങ്ങൾ സംഭരിക്കാനും സംസ്‌കരിക്കാനും സ്ഥിരം എംസിഎഫും നാല് കണ്ടെയ്‌നർ എംസിഎഫുകളും 75 മിനി എംസിഎഫുകളും നഗരസഭയിൽ സ്ഥാപിച്ചു. 66 ബോട്ടിൽ ബൂത്തുണ്ട്. മാലിന്യം വലിച്ചെറിയൽ തടയാൻ 28 സ്ഥലങ്ങളിൽ സിസി കാമറ സ്ഥാപിച്ച് വലിച്ചെറിയുന്നവരെ പിടികൂടി പിഴയീടാക്കുകയാണ്. പൊതുയിടങ്ങളിൽ ബോധവൽകരണ മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചു. ഇരിട്ടി ടേക്ക് എ ബ്രേക്ക് പരിസരത്ത് ഗ്രീൻ ലീഫ് സഹകരണത്തോടെ ചെറിയ പൂന്തോട്ടമൊരുക്കി ഇവിടങ്ങളിൽ മാലിന്യം തള്ളൽ അവസാനിപ്പിച്ചു. പഴശ്ശി ജലസേചന പദ്ധതിയുടെ ഭാഗമായ ഇരിട്ടി പുഴ വൃത്തിയാക്കാനും ഡാമിൽ അടിയുന്ന പ്ലാസ്റ്റിക്, ഇതര മാലിന്യങ്ങൾ നീക്കാനും നഗരസഭ മുൻകൈയെടുക്കുന്നു . പുഴയിലൂടെ എത്തുന്ന ടൺ കണക്കിന് അഴുക്കകറ്റാൻ പഴശ്ശി പദ്ധതി അധികൃതർ തയ്യാറാകുന്നില്ല. ശുചിത്വ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുമെന്നും അതിനായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ ഏറ്റെടുക്കുമെന്നും നഗരസഭാ ചെയർമാൻ കെ ശ്രീലത പറഞ്ഞു.