കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ്: രജിസ്‌ട്രേഷൻ നിബന്ധനയിൽ ഇളവ്, സമയം നാളെ അവസാനിക്കും

കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിൽ രജിസ്റ്റർ ചെയ്യാൻ അഗ്രിസ്റ്റാക്കിൽ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധന തത്കാലം ഒഴിവാക്കി. അതേസമയം രജിസ്റ്റർ ചെയ്യാനുള്ള സമയം വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ മുഴുവൻ കർഷകർക്കും പദ്ധതിയിൽ ചേരാനാകുമോ എന്നതിൽ ആശങ്കയുണ്ട്. നിലവിൽ സംസ്ഥാനത്ത് 64,078 കർഷകരാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കഴിഞ്ഞവർഷം ഇതേ സീസണിൽ 93,000 പേർ രജിസ്റ്റർ ചെയ്തിരുന്നു. കേന്ദ്രസർക്കാർ കർഷക രജിസ്ട്രി തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെയാണ് കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസിനായി അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമാക്കിയത്. ഈ മാസം അഞ്ചിനു തുടങ്ങിയ രജിസ്‌ട്രേഷനിൽ 15 വരെയാണ് ആദ്യം സമയം അനുവദിച്ചിരുന്നത്. ഇത് അപര്യാപ്തമാണെന്ന് വിവിധ സംസ്ഥാനങ്ങൾ ചൂണ്ടിക്കാട്ടിയപ്പോഴാണ് 25 വരെ നീട്ടിയത്. തുടർന്നും നിരന്തരമായ ആവശ്യത്തിനൊടുവിലാണ് തത്കാലം അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിബന്ധനയിൽ കേന്ദ്രസർക്കാർ ഇളവ് നൽകിയത്. ഭാവിയിൽ പിഎം കിസാൻ, കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് തുടങ്ങി വിവിധ പദ്ധതികളിൽ ആനുകൂല്യം ലഭിക്കാൻ അഗ്രിസ്റ്റാക്ക് രജിസ്‌ട്രേഷൻ നിർബന്ധമായും വേണമെന്ന് കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്.