പേരാവൂരിലെ വാഹന പാർക്കിങ്ങ് ; ആഗസ്ത് ഒന്ന് മുതൽ പുതിയ ക്രമീകരണങ്ങൾ

പേരാവൂർ: ടൗണിലെ നോ പാർക്കിങ്ങ് ബോർഡുമായും നടപ്പാത കയ്യേറ്റവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പരിഹരിക്കാൻട്രാഫിക്ക് അവലോകന സമിതി ഏർപ്പെടുത്തിയ ഉപസമിതിയുടെ നിർദേശങ്ങൾ ആഗസ്ത് ഒന്ന് മുതൽ നടപ്പിലാക്കും. വ്യാപാര സംഘടനകളുടെ നിരന്തരമായ ആവശ്യങ്ങളെത്തുടർന്നാണ് പഞ്ചായത്തുതല ട്രാഫിക്ക് അവലോകന സമിതി പാർക്കിങ്ങിന് പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
ടൗണിലെ പുതിയ ട്രാഫിക്ക് ക്രമീകരണങ്ങൾ
* കൊട്ടിയൂർ റോഡിൽ പ്രകാശ് ജുവലറി മുതൽ മൗണ്ട് കാർമൽ ഗ്രോട്ടോ വരെ ഇരു ചക്രവാഹനങ്ങൾക്ക് പാർക്ക് ചെയ്യാം. ഇവിടെ മറ്റു വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ അനുമതിയില്ല.
* കൊട്ടിയൂർ റോഡിൽ പഞ്ചായത്ത് കിണറിന് സമീപത്തെ നോ പാർക്കിങ്ങ് ബോർഡ് ഒഴികെ മറ്റുള്ളവ നിലനിർത്തും.
* പഴയ ബസ് സ്റ്റാൻഡിൽ ഇരിട്ടി ഭാഗത്ത് നിന്നെത്തുന്ന ബസുകളുടെ സ്റ്റോപ്പിന് ശേഷം വാഹനങ്ങൾ നിർത്തിസാധനങ്ങൾ വാങ്ങാൻ പാർക്കിങ്ങ് ലൈനുകൾ വരക്കും.
* മാലൂർ റോഡിൽ സ്‌കൂൾ ഗേറ്റിന് ഇരുവശവും നോ പാർക്കിങ്ങ് ബോർഡുകൾ സ്ഥാപിക്കും.
* മാലൂർ റോഡിൽ സ്‌കൂളിനു മുന്നിലെ നോ പാർക്കിങ്ങ് ബോർഡ്വരെ ഒരു വശത്ത് ഇരു ചക്ര വാഹനങ്ങൾക്ക് പാർക്കിങ്ങ് അനുവദിക്കും. മാലൂർ റോഡിൽ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല.
* നിടുംപൊയിൽ റോഡിൽ നിലവിലെ നോ പാർക്കിങ്ങ് ബോർഡുകൾ അതേ പടി തുടരും. കെ.കെ.ബിൽഡിങ്ങിന് മുന്നിൽ ഇരുചക്ര വാഹനങ്ങൾക്ക് പാർക്ക് ചെയ്യാം.
* നോ പാർക്കിങ്ങ് ഏരിയകളിൽ സാധനങ്ങൾ വാങ്ങാൻ വാഹനങ്ങൾ നിർത്തിയിടുമ്പോൾ വാഹനത്തിൽ ഡ്രൈവർ ഉണ്ടായിരിക്കണം, അല്ലെങ്കിൽ പിഴ ഈടാക്കും.
* പുതിയ ബസ് സ്റ്റാൻഡിൽ പാർക്കിങ്ങ് ഏരിയകളിൽ ലൈൻ വരക്കും.
* ടൗണിലെ നടപ്പാതകളിലെ കയ്യേറ്റം പൂർണമായും ഒഴിപ്പിക്കും. നിയമലംഘകർക്കെതിരെ പോലീസ് നടപടിയും പഞ്ചായത്ത് നടപടിയുമുണ്ടാവും.
* മുസ്ലിം പള്ളിക്ക് ശേഷവും ചെവിടിക്കുന്ന് പെട്രോൾ പമ്പിന് ശേഷവുംമാത്രം വഴിയോര കച്ചവടം നടത്താം.
* രാവിലെ ഒൻപത് മുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ച് വരെയും ടൗണിൽ വലിയ വാഹനങ്ങളിൽ നിന്നുള്ളകയറ്റിറക്ക് കർശനമായും ഒഴിവാക്കും.
* ബസ് സ്റ്റാൻഡിലേക്കും പുറത്തേക്കുമുള്ള റോഡുകളിൽ പാർക്ക് ചെയ്യുന്നത് പൂർണമായും നിരോധിച്ചു.
പേരാവൂർ എസ്.എച്ച്.ഒ പി.ബി.സജീവിന്റെ നേതൃത്വത്തിൽ പഞ്ചായത്തധികൃതർ, വ്യാപാരി സംഘടന പ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ എന്നിവരടങ്ങുന്ന ഉപസമിതിയാണ് പുതിയ ക്രമീകരണങ്ങൾക്ക് നിർദേശം സമർപ്പിച്ചത്.
ട്രാഫിക്ക് അവലോകന സമിതി യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. ആഗസ്ത് ഒന്നു മുതൽ പുതിയ ക്രമീകരണങ്ങൾ നടപ്പാക്കുമെന്നും നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടിയുണ്ടാവുമെന്നും പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്തംഗങ്ങളായ എം.ശൈലജ, റജീന സിറാജ്, യു.വി.അനിൽ കുമാർ, എസ്.എച്ച്.ഒ പി.ബി.സജീവ്, പഞ്ചായത്ത് സെക്രട്ടറി ബാബു തോമസ്, വ്യാപാരി സംഘടന പ്രതിനിധികൾ,രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.