സ്‌കൂഫെ എല്ലാ സ്‌കൂളിലേക്കും

Share our post

കണ്ണൂർ: വിദ്യാർഥികൾക്ക് ആവശ്യമായ പുസ്തകം, പഠന സാമഗ്രി, ലഘു പാനീയങ്ങൾ, ഉച്ചഭക്ഷണം എന്നിവയെല്ലാം സ്‌കൂൾ മുറ്റത്തേക്കെത്തിച്ച സ്‌കൂഫെ അഥവാ ‘സ്‌കൂൾ കഫെ’ പദ്ധതി ജില്ലയിലെ മുഴുവൻ സ്‌കൂളിലേക്കും വ്യാപിപ്പിക്കുന്നു. 62 സ്‌കൂളുകളിൽ സ്‌കൂഫെ പ്രവർത്തിക്കുന്നുണ്ട്. കുടുംബശ്രീ ജില്ലാ മിഷന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവർത്തനമാരംഭിച്ച ജില്ലയിലെ ആദ്യ സ്‌കൂഫെക്ക് ലഭിച്ച ജനകീയ പിന്തുണയും സംരംഭകർക്ക് ലഭിച്ച വരുമാനവുമാണ് എല്ലാ സ്‌കൂളിലേക്കും ഈ സംവിധാനം കൊണ്ടുവരാൻ ജില്ലാ മിഷനെ പ്രേരിപ്പിച്ചത്. ഉച്ചക്ക്‌ സദ്യ, ബിരിയാണി, കുഴിമന്തി, ചപ്പാത്തി എന്നീ വിഭവങ്ങളും മറ്റ് സമയങ്ങളിൽ ചെറുകടി, കാപ്പി, ലൈം ജ്യൂസ്, ചായ എന്നിവയും സ്‌കൂഫെയിൽ ലഭിക്കും. ലഹരി മാഫിയയുമായി സമ്പർക്കം ഒഴിവാക്കാൻ വിദ്യാർഥികളെ പരമാവധി സ്‌കൂൾ കോമ്പൗണ്ടിനുള്ളിൽത്തന്നെ നിലനിർത്തുക എന്ന ലക്ഷ്യവും ഇതിന് പിറകിലുണ്ട്. രാവിലെ 9.30 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമയം. 36.5 ലക്ഷം രൂപ ഉപയോഗിച്ച് 25 സ്‌കൂളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കിയത്. തുടർന്ന് 40 ലക്ഷം രൂപ വകയിരുത്തി പുതുതായി 30 സ്‌കൂളുകളിൽകൂടി സ്‌കൂഫെ സൗകര്യം ലഭ്യമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷം 20 ലക്ഷം രൂപയും ഈ വർഷം 10 ലക്ഷം രൂപയും സ്‌കൂഫെകൾക്കായി അനുവദിച്ചു. പട്ടിക വർഗ സ്പെഷ്യൽ പ്രൊജക്ടിന്റെ ഭാഗമായി ആറളം ഹൈസ്‌കൂളിലും സ്‌കൂഫെയുണ്ട്. ഒരു സ്‌കൂഫെയിൽ രണ്ട് അയൽക്കൂട്ടം വനിതകളാണ് ജോലി ചെയ്യുന്നത്. അധ്യാപകർക്കും വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമൊപ്പം സ്‌കൂളിന് സമീപമുള്ളവരും സ്‌കൂഫെകളെ ആശ്രയിക്കുന്നുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!