എംപരിവാഹന്റെ മറവില്‍ തട്ടിപ്പ്; കേരളത്തില്‍ നിന്ന് തട്ടിയത് 45 ലക്ഷം രൂപ; 575 പേര്‍ക്ക് പണം നഷ്ടപ്പെട്ടു

കൊച്ചി: എംപരിവാഹന്‍ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.എംപരിവാഹന്‍ ആപ്ലിക്കേഷന്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ‘ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍’ പ്രവര്‍ത്തനസജ്ജമാക്കാത്തവരുടെ വാട്സാപ്പ് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്താണ് തട്ടിപ്പുകാര്‍ സന്ദേശമയച്ചത്. വിവിധ സംസ്ഥാനങ്ങളിലെ ആയിരക്കണക്കിന് വാഹന ഉടമകളുടെ ഫോണ്‍ നമ്പരുകള്‍ പ്രതികളുടെ കൈവശമുണ്ടായിരുന്നു.വാട്സാപ്പില്‍ എംപരിവാഹന്‍ ആപ്ലിക്കേഷനില്‍ നിന്നാണെന്ന വ്യാജേന ഗതാഗത നിയമലംഘനം നടത്തിയതിന്റെ പിഴ അടയ്ക്കണമെന്നു പറഞ്ഞ് സന്ദേശം നല്‍കിയായിരുന്നു തട്ടിപ്പ്. പലരും എന്താണെന്നറിയാന്‍ ഇവര്‍ നല്‍കുന്ന ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിക്കും. ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തതു വഴി ഇരയുടെ മൊബൈല്‍ ഫോണ്‍ ഹാക്ക് ചെയ്യുകയും അതുവഴി ബാങ്ക്, ക്രെഡിറ്റ് വിവരങ്ങള്‍ മുഴുവന്‍ തട്ടിപ്പ് സംഘങ്ങള്‍ കൈവശപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. സാധാരണ സൈബര്‍ തട്ടിപ്പുകളില്‍നിന്ന് വ്യത്യസ്തമായി ഇരകളുടെ സ്വന്തം അക്കൗണ്ടുകള്‍ കൈവശപ്പെടുത്തിയാണ് എംപരിവാഹന്‍ തട്ടിപ്പ് നടത്തിയിരുന്നത്. ക്രെഡിറ്റ് കാര്‍ഡിന്റെയും മറ്റും പിന്‍ മനസ്സിലാക്കി അതുപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുകയും പണം പിന്‍വലിക്കുകയും ചെയ്തതിനാല്‍ തട്ടിപ്പ് സംഘത്തെ പിടികൂടുക ദുഷ്‌കരമായിരുന്നു. രാജ്യമൊട്ടാകെ നടക്കുന്ന ഈ സൈബര്‍ കുറ്റകൃത്യം വ്യാപകമായതോടെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ്, പ്രതികളെ കണ്ടെത്തുന്നതിന് മാസങ്ങളായി ശ്രമിച്ചുവരുകയായിരുന്നു. ഇതിനിടയിലാണ് കൊച്ചി സിറ്റി സൈബര്‍ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.