ഓൺലൈനിൽ പണം വാങ്ങി ദർശനം; ഗുരുവായൂർ ക്ഷേത്രത്തിലെത്തുന്നവർക്ക് ജാഗ്രതാ നിർദേശം

Share our post

ഗുരുവായൂർ ക്ഷേത്ര ദർശനത്തിനെത്തുന്ന ഭക്തരിൽ നിന്ന് പണം തട്ടാൻ ഓൺലൈൻ തട്ടിപ്പ് മാഫിയ സജീവമായി രംഗത്ത്. നിരവധി ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഗുരുവായൂർ ദേവസ്വം തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ഭക്തർക്ക് ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. വർഷങ്ങളായി ക്ഷേത്രത്തിൽ എത്തുന്ന ഭക്തരിൽ നിന്ന് പണം വാങ്ങി ദർശനത്തിനും മറ്റ് സൗകര്യങ്ങൾക്കും ഇടനിലക്കാരായി നിൽക്കുന്ന ലോബികൾ ഇവിടെ സജീവമാണ്. ഇത്തരം തട്ടിപ്പുകാരെ പലതവണ പിടികൂടിയിട്ടുണ്ട്. ഇതിനിടയിലാണ് ഇപ്പോൾ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളും രംഗപ്രവേശം ചെയ്‌തിരിക്കുന്നത്. ദേവസ്വം ഐഡികളോട് സാമ്യമുള്ള ഇമെയിൽ ഐഡികളും ഓൺലൈൻ വിലാസങ്ങളും നിലവിലുണ്ടെന്ന് ദേവസ്വത്തിന് പലതവണ പരാതി ലഭിച്ചിട്ടുണ്ട്. ഓൺലൈനിലൂടെയും വാട്‌സാപ്പിലൂടെയും പണം വാങ്ങി ദർശനം, വഴിപാട് എന്നിവയ്ക്ക് സൗകര്യമൊരുക്കി നൽകാമെന്ന് വാഗ്‌ദാനം ചെയ്‌ത് ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അറിയിച്ചു. ഇത്തരത്തിൽ പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ഭക്തർക്ക് മുന്നറിയിപ്പ് നൽകാൻ ദേവസ്വം തീരുമാനിച്ചത്. ക്ഷേത്രത്തിലെ കാര്യങ്ങൾക്കായി ദേവസ്വം ഒരു ഏജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ല എന്നും ഡോ. വിജയൻ വ്യക്തമാക്കി. ഭക്തർ ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണമെന്നും, തട്ടിപ്പുകാർക്കെതിരെ പരാതി നൽകാൻ മടിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!