ചെടികൾക്ക് രോഗമോ? പരിഹാരമുണ്ട് സസ്യക്ലിനിക്കിൽ

കണ്ണൂർ: മരങ്ങൾക്കും ചെടികൾക്കും രോഗം വന്നാൽ എന്തുചെയ്യും..! സംശയിക്കേണ്ട ആശുപത്രിയിൽത്തന്നെ ചെല്ലണം. കർഷകർക്ക് ഓടിയെത്താൻ ഒരാശുപത്രി ചെറുതാഴം പഞ്ചായത്ത് കൃഷിഭവനിലുണ്ട്. ഇവിടെയുള്ള സസ്യക്ലിനിക്കിൽ സസ്യരോഗങ്ങളും അവയുടെ കാരണങ്ങളും പരിഹാരവും വിശദമായി അറിയാം. രോഗകാരികൾ, ലക്ഷണങ്ങൾ, രോഗനിയന്ത്രണം തുടങ്ങി കർഷകർക്ക് ആവശ്യമുള്ള എല്ലാ അറിവുകളും ക്ലിനിക്കിൽ ലഭിക്കും. കീടനാശിനികൾ, പ്രയോഗരീതി, കീടനിയന്ത്രണം തുടങ്ങി കൃഷിസംബന്ധമായ അറിവുകൾ സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം സേവനവുമുണ്ട്. സാങ്കേതികവിദ്യയുടെ സഹായത്തിൽ കാർഷിക സംസ്‌കാരത്തെ വീണ്ടെടുത്തതിന്റെ മികച്ച മാതൃകയാണ് ചെറുതാഴം പഞ്ചായത്തിലെ ഹൈടെക് കൃഷിഭവൻ. നേരിട്ട് മനസിലാക്കാം സസ്യ ക്ലിനിക്കിൽ സസ്യരോഗങ്ങളുമായി ബന്ധപ്പെട്ട സ്‌പെസിമനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. കർഷകർക്ക് ഇവ നേരിട്ട് കണ്ട് കീടബാധ, രോഗങ്ങൾ, ലക്ഷണങ്ങൾ എന്നിവ മനസിലാക്കാം. വീഡിയോ, ചിത്രങ്ങൾ എന്നിവയും പ്രദർശന ബോർഡിൽ കാണാം. കീടനാശിനികൾ, കുമിൾ നാശിനികൾ എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്. പ്രൊജക്ടറും ഡിസ്‌പ്ലേ ബോർഡുകളും സ്ലൈഡ് ഷോകളും സജ്ജമാക്കിയ സ്മാർട്ട് ക്ലാസ് റൂം കർഷകർക്ക് കാർഷിക പഠനത്തിൽ വേറിട്ട അനുഭവംനൽകും. മണ്ണ് പരിശോധനയ്ക്കും സൗകര്യമുണ്ട്. കൃഷിവകുപ്പിന്റെ 25 ലക്ഷം രൂപയും പഞ്ചായത്തിന്റെ 6.7 ലക്ഷം രൂപയും ചെലവഴിച്ചാണ് കൃഷിഭവന്റെ ഹൈടെക്‌വൽക്കരണം. കൃഷിയുടെ സമസ്ത മേഖലകളുംകൈവച്ച് മികച്ച നേട്ടം കൊയ്യുകയാണ് പഞ്ചായത്തും കൃഷിഭവനും.