പോക്സോ കേസന്വേഷണം: 20 പൊലീസ് ജില്ലകളിലും പ്രത്യേകസംഘം

Share our post

മലപ്പുറം: പോക്സോ കേസുകൾ അന്വേഷിക്കാൻ 20 പൊലീസ് ജില്ലകളിലും നർക്കോട്ടിക് ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ 16 അംഗ സംഘത്തെ നിയമിച്ച് സർക്കാർ ഉത്തരവിറക്കി.2019 നവംബറിലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. നർക്കോട്ടിക്‌ സെല്ലുകൾ നിലവിലുള്ള 16 പൊലീസ് ജില്ലകളിൽ ഡിവൈഎസ്‌പി നർക്കോട്ടിക് സെൽ ആൻഡ് ജെൻഡർ ജസ്റ്റിസ് എന്ന്‌ പുനർനാമകരണം ചെയ്‌ത് ഡിവൈഎസ്‌പിമാർക്ക് അധിക ചുമതല നൽകി. പ്രത്യേക അന്വേഷകസംഘം രൂപീകരിക്കുന്നതിന്റെ ഭാഗമായി ഏപ്രിലിൽ 304 തസ്‌തിക രൂപീകരിച്ചിരുന്നു. നർക്കോട്ടിക് സെൽ ഇല്ലാത്ത തൃശൂർ റൂറൽ, തൃശൂർ സിറ്റി, കൊല്ലം സിറ്റി, കൊല്ലം റൂറൽ എന്നിവിടങ്ങളിൽ നാല്‌ ഡിവൈഎസ്‌പി തസ്തിക സൃഷ്ടിച്ചു. ഓരോ ജില്ലയിലും ഡിവൈഎസ്‌പിക്കുകീഴിൽ രണ്ട് എസ്ഐ, രണ്ട് എഎസ്ഐ, ആറ് എസ്‌സിപിഒ, അഞ്ച് സിപിഒമാർ എന്നിങ്ങനെയാണുള്ളത്‌. കുട്ടികൾ ഇരകളാകുന്ന കേസുകളിൽ അന്വേഷണം വേഗത്തിലാകാൻ പ്രത്യേക സംഘത്തിന്റെ രൂപീകരണം സഹായകമാവും. പരാതികളിലെ വർധനയും പൊലീസുകാരുടെ കുറവും നിലവിൽ അന്വേഷണത്തെ ബാധിക്കുന്നുണ്ട്‌. കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യത്തിന്റെ റിപ്പോർട്ട് ലഭിച്ചാൽ പൊലീസ് പരാതി രേഖപ്പെടുത്തണം. കുട്ടിക്ക് പരിചരണവും സംരക്ഷണവും ഉറപ്പാക്കണം. വൈദ്യപരിശോധനക്ക്‌ ഉടൻ അവസരമൊരുക്കണം. മജിസ്ട്രേട്ടിന്റെ മൊഴി രേഖപ്പെടുത്താൻ സൗകര്യം ഒരുക്കണം. പ്രത്യേക കോടതിയിലും ശിശുക്ഷേമ സമിതിയിലും കേസ് റിപ്പോർട്ട് ചെയ്യണം. പോക്സോ കേസ് അന്വേഷണത്തിൽ ഇത്തരം നടപടികളിൽ പലപ്പോഴും വീഴ്ചയും കാലതാമസവും ഉണ്ടാകാറുണ്ട്. പ്രത്യേക അന്വേഷകസംഘം വരുന്നതോടെ ഇത്തരം പരാതികൾക്ക്‌ പരിഹാരമാകും.”


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!