സീനിയോറിറ്റി പരിഗണിക്കാതെ പൊലീസുകാരെ സ്റ്റേഷനിലേക്ക് മാറ്റാൻ നീക്കം

കണ്ണൂര്‍: റൂറല്‍ ജില്ല ഹെഡ്ക്വാര്‍ട്ടേഴ്സില്‍ ജോലി ചെയ്തുവരുന്ന പൊലീസുകാരില്‍ നിലവിലുള്ള അസോസിയേഷന് അനുകൂലികളായ പൊലീസുകാരെ സീനിയോറിറ്റി പരിഗണിക്കാതെ സ്റ്റേഷന് സ്ഥലം മാറ്റത്തിന് നീക്കം. പൊലീസ് അസോസിയേഷന് സംഘടന തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്ന ആരോപണവുമായി യു.ഡി.എഫ് അനുകൂല അസോസിയേഷന് രംഗത്തുവന്നു. സ്ഥലംമാറ്റം സംബന്ധിച്ച് ആദ്യമിറക്കിയ ഉത്തരവ് മാറ്റി രണ്ടാമത് മറ്റൊരു ഉത്തരവ് ഇറക്കിയത് ഇതിന്റെ ഭാഗമാണെന്നാണ് ആരോപണം.ജില്ല പൊലീസ് മേധാവിക്കുവേണ്ടി ആദ്യമിറക്കിയ ഉത്തരവില്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വന്നിട്ടുള്ള നിലവിലുള്ള സി.പി.ഒ ഒഴിവുകളിലേക്ക് ഡി.എച്ച്.ക്യു ക്യാമ്പ്, കണ്ണൂര്‍ റൂറലില്‍ പ്രവൃത്തിയെടുത്തുവരുന്ന സി.പി.ഒമാരെ നിയമിക്കുന്നതിനായി ഡി.എച്ച്.ക്യു ക്യാമ്പിലുള്ള സീനിയറായിട്ടുള്ള (സീനിയോറിറ്റി പ്രകാരം) സി.പി.ഒമാരുടെ വിവരങ്ങള്‍ ശേഖരിച്ച് അയക്കണമെന്നാണുള്ളത്.എന്നാല്‍, ആദ്യത്തെ ഉത്തരവ് തിരുത്തി രണ്ടാമതിറങ്ങിയ ഉത്തരവില്‍ ഡി.എച്ച്.ക്യു ക്യാമ്പിലുള്ള സീനിയറായിട്ടുള്ള എന്നതിനുപകരം ഡി.എച്ച്.ക്യു ക്യാമ്പിലുള്ള (ആക്ടീവ്) ഡ്യൂട്ടി ചെയ്തുവരുന്ന സി.പി.ഒമാരുടെ വിവരങ്ങള്‍ എന്നാക്കി മാറ്റിയിരുന്നു. ഇത് സീനിയോറിറ്റി മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ സ്റ്റേഷന് ട്രാന്‍സ്ഫര്‍ നടത്താനുള്ള നീക്കമാണെന്നാണ് ആരോപണം.ഒരു സ്റ്റേഷനില്‍ മൂന്നു വര്‍ഷം പൂര്‍ത്തിയായ പൊലീസുകാര്‍ നിര്‍ബന്ധമായും ജനറല്‍ ട്രാന്‍സ്ഫറില്‍ പങ്കെടുത്ത് മറ്റ് സ്റ്റേഷനുകളിലേക്ക് മാറാന്‍ അതാത് യൂനിറ്റിലെ മേലധികാരികള്‍ ശ്രദ്ധിക്കുന്നതായിരുന്നു ഇതുവരെയുള്ള രീതി. റൂറല്‍ ജില്ല രൂപവത്കരിച്ച് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോഴും ഡി.എച്ച്.ക്യുവില്‍ നാലര വര്‍ഷത്തിലേറെ ജോലി ചെയ്തുവരുന്ന നിരവധി പേരുണ്ട്.നാലും അഞ്ചും വര്‍ഷം ഇവിടെ ജോലി ചെയ്തുവരുന്ന പൊലീസുകാരെ സീനിയോറിറ്റി മാനദണ്ഡമാക്കി പൊലീസ് സ്റ്റേഷനുകളിലേക്ക് മാറ്റാതെ ഡി.എച്ച്.ക്യൂവിലെ ജൂനിയര്‍മാരെ മാറ്റാനാണ് നീക്കം നടക്കുന്നതെന്നാണ് ആരോപണം. ലൈറ്റ് ഡ്യൂട്ടിയും ഓഫിസ് ഡ്യൂട്ടിയും ഉള്‍പ്പെടെ മൂന്ന് മുതല്‍ അഞ്ചുവര്‍ഷം ഡി.എച്ച്.ക്യൂവില്‍ ഡ്യൂട്ടി ചെയ്തവരെ തല്‍സ്ഥാനത്ത് നിലനിര്‍ത്താനും നീക്കം നടക്കുന്നുണ്ട്. നിലവില്‍ സ്പെഷല്‍ യൂനിറ്റില്‍ യൂനിഫോമിടാതെ അഞ്ചു വര്‍ഷത്തോളം ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ടെന്നാണ് ആരോപണം. അസോസിയേഷൻ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് പുതിയ നീക്കമെന്നതാണ് വലിയ ചർച്ചക്കിടയാക്കിയിട്ടുള്ളത്.