ദേശീയപാത പാർശ്വഭിത്തികളിൽ വിള്ളലും തള്ളലും: ജനം ആശങ്കയിൽ

പാപ്പിനിശ്ശേരി: ദേശീയ പാത കടന്നു പോകുന്ന പാപ്പിനിശ്ശേരി പ്രദേശത്തെ ഇരുഭാഗത്തും നിർമിച്ച പാർശ്വ ഭിത്തികളിൽ പലയിടങ്ങളിലുമുണ്ടായ തള്ളലിലും വിള്ളലിലും ജനം ആശങ്കയിൽ. ദേശീയ പാത അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഇല്ലാത്തതിനാൽ പാപ്പിനിശ്ശേരി യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാഴാഴ്ച പ്രതീകാത്മക പാർശ്വ ഭിത്തി താങ്ങൽ സമരം നടത്തും. കീച്ചേരിയിലെ ഇലക്ട്രോണിക്സ് കടയുടെ സമീപം 10 മീറ്ററോളം ഉയരത്തിലൂടെയാണ് പുതിയ പാത കടന്നു പോകുന്നത്. ഇവിടങ്ങളിൽ പാതയുടെ ഭിത്തി തള്ളി വരുന്ന അവസ്ഥയിലാണ്.ഇരു ഭാഗത്തും നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉണ്ട്. നല്ല മഴപെയ്താൽ ദേശീയ പാതയിലെ വെള്ളം സർവിസ് റോഡിലേക്ക് ശക്തിയായി പതിക്കുന്നതും അപകടങ്ങൾക്ക് ഇടയാക്കും. ബക്കളം പ്രദേശത്തും ദേശീയ പാതയിൽ പാർശ്വഭിത്തികളിൽ സ്ഥാപിച്ച കോൺക്രീറ്റ് പാളി തള്ളുന്നത് ഒഴിവാക്കാനും ഉറപ്പിക്കാനും പല സ്ഥലത്തും മരത്തിന്റെ ആപ്പ് വെച്ച നിലയിലാണ്. കീച്ചേരിയിലും ഇത്തരം നിരവധി സ്ഥലങ്ങളിൽ മരക്കട്ട ഉപയോഗിച്ച് ഉറപ്പിച്ച ഭാഗങ്ങളുണ്ട്. കീച്ചേരി അവിൽ വിൽപനശാലക്ക് എതിർവശം കോൺക്രീറ്റ് പാളി ഇളകിയ നിലയിലാണ്.