ഓണപ്പൂക്കളമൊരുക്കാൻ ആറളം ഫാമിന്റെ ചെണ്ടുമല്ലി

ഇരിട്ടി: വൈവിധ്യവൽക്കരണത്തിലൂടെ ആറളം ഫാമിന് വരുമാനവും ആദിവാസികൾക്ക് തൊഴിലും ലക്ഷ്യമാക്കി എട്ടേക്കറിൽ ചെണ്ടുമല്ലിക്കൃഷി തുടങ്ങി. മുൻ വർഷങ്ങളിലേതുപോലെ ഓണപ്പൂക്കളമിടാൻ ആറളം ഫാമിന്റെ പൂക്കൾ വിപണിയിലെത്തും. എട്ടാം ബ്ലോക്കിൽ കാട്ടാനക്കൂട്ടം കൃഷിനാശംവരുത്തിയ പ്രദേശത്താണ് കൃഷി. രണ്ടിനം ചെണ്ടുമല്ലിയും മൂന്നിനം ജമന്തിയുമാണ് കൃഷിയിറക്കിയത്. മഴ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ടെങ്കിലും അത്തമെത്തുന്നതോടെ പൂക്കൾ വിരിയുമെന്ന പ്രതീക്ഷയിലാണ് ഫാം. കഴിഞ്ഞവർഷം മൂന്നേക്കറിൽ പൂ കൃഷി നടത്തി നേടിയ വിജയം മുൻ നിർത്തിയാണ് ഇത്തവണ എട്ടേക്കറിലേക്ക് വ്യാപിപ്പിച്ചത്. ചെണ്ടുമല്ലിക്കൊപ്പം തെങ്ങും കശുമാവും ഒപ്പം നട്ട് പരിപാലിക്കുന്നുണ്ട്. കാട്ടാനശല്യം രൂക്ഷമായതിനാൽ കൃഷിയിടത്തിന് ചുറ്റും തൂക്കു വൈദ്യുതിവേലി സ്ഥാപിച്ച് സുരക്ഷയൊരുക്കിയിട്ടുണ്ട്.