കലിതുള്ളിപ്പെയ്യുന്ന മഴ; കേരളത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ്, ഈ നദീ തീരങ്ങളിൽ ജാഗ്രത പാലിക്കാൻ നിർദേശം

കണ്ണൂർ: കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പുറത്തിറക്കി സംസ്ഥാന ജലസേചന വകുപ്പും, കേന്ദ്ര ജല കമ്മീഷനും. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും (IDRB), കേന്ദ്ര ജല കമ്മീഷനും (CWC) ചേർന്ന് വിവധ നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കാനും അറിയിപ്പുണ്ട്. കോഴിക്കോട്- കോരപ്പുഴ (കൊള്ളിക്കൽ സ്റ്റേഷൻ), കുറ്റിയാടി (കുറ്റിയാടി സ്റ്റേഷൻ), കണ്ണൂരിലെ പെരുമ്പ (കൈതപ്രം സ്റ്റേഷൻ), കാസറഗോഡിലെ ഷിറിയ (അംഗഡിമൊഗർ സ്റ്റേഷൻ), ഉപ്പള (ഉപ്പള സ്റ്റേഷൻ), നിലേശ്വരം (ചായോം റിവർ സ്റ്റേഷൻ), മൊഗ്രാൽ (മധുർ സ്റ്റേഷൻ), ഷിറിയ (പുത്തിഗെ സ്റ്റേഷൻ) തുടങ്ങിയിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. വയനാട്ടിലെ കബനി (മുത്തങ്ങ സ്റ്റേഷൻ), കോഴിക്കോട്ടെ കോരപ്പുഴ (കുന്നമംഗലം സ്റ്റേഷൻ), കണ്ണൂർ- അഞ്ചരക്കണ്ടി (കണ്ണവം സ്റ്റേഷൻ & മെരുവമ്പായി സ്റ്റേഷൻ), കവ്വായി (വെള്ളൂർ റിവർ സ്റ്റേഷൻ), കാസറഗോഡ് ഉപ്പള (ആനക്കൽ സ്റ്റേഷൻ), ചന്ദ്രഗിരി (പള്ളങ്കോട് സ്റ്റേഷൻ), കാര്യംക്കോട് (ഭീമനാടി സ്റ്റേഷൻ) എന്നീ തീരങ്ങളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു.