ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം

Share our post

കല്‍പ്പറ്റ: വയനാട്ടിലും കര്‍ണാടകയുടെ വിവിധ ഭാഗങ്ങളിലുമുള്ള ഇഞ്ചിക്കര്‍ഷകര്‍ക്ക് മറ്റൊരു പ്രഹരമായി പൈറിക്കുലേരിയ രോഗ വ്യാപനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലും കര്‍ണാടകയിലെ കൂര്‍ഗ്, മൈസൂരു, ഹാസന്‍, ചാമരാജ്‌നഗര്‍, ഷിമോഗ ജില്ലകളിലും ഇഞ്ചിക്കൃഷിയിടങ്ങളെ രോഗം കടന്നാക്രമിക്കുകയാണ്. രോഗബാധയേറ്റ ഇഞ്ചിച്ചെടിയുടെ ഇലകളും തണ്ടും മഞ്ഞനിറമാകുകയും പിന്നീട് കരിയുകയുമാണ്. രോഗബാധയുള്ള ചെടിയുടെ വേരിലും കിഴങ്ങിലും പ്രത്യക്ഷത്തില്‍ കുഴപ്പം കാണുന്നില്ലെങ്കിലും കനത്ത ഉത്പാദനനഷ്ടം നേരിടേണ്ടിവരുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. ഇഞ്ചിച്ചെടികളില്‍ കിഴങ്ങിന്റെ വളര്‍ച്ചാഘട്ടത്തിലാണ് ഇലകളും തണ്ടും നശിക്കുന്നത്. ഇത് കിഴങ്ങിന്റെ വളര്‍ച്ച മുരടിക്കുന്നതിനിടയാക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. കര്‍ണാടകയില്‍ പൊതുവെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഇഞ്ചി വിളവെടുപ്പിന് പാകമാകുന്നത്. ഇഞ്ചിക്ക് ഉത്പാദനച്ചെലവിന് ആനുപാതികമായ വില ഇല്ലാത്തതിന്റെ വേദനയില്‍ കഴിയുമ്പോഴാണ് പൈറിക്കുലാരിയ രോഗം കര്‍ഷകര്‍ക്ക് തലവേദനയായത്. ഈ രോഗം കര്‍ണാടകയില്‍ ചോളം കൃഷിയെയും ബാധിക്കുന്നുണ്ട്. ചോളത്തിന്റെ ഇലകളില്‍ വെളുപ്പുനിറമാണ് പടരുന്നത്.

അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയ മോണോകോട്ട് സസ്യങ്ങളില്‍ ബ്ലാസ്റ്റ് രോഗത്തിനു ഇടയാക്കുന്ന പൈറികുലാരിയ ഫംഗസ് രോഗം ഇഞ്ചിപ്പാടങ്ങളില്‍ കണ്ടെത്തിയിട്ട് അധികകാലമായില്ല. കഴിഞ്ഞവര്‍ഷം കൂര്‍ഗ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിലെ(കോഴിക്കോട്) വിദഗ്ധര്‍ ഈ രോഗം തിരിച്ചറിഞ്ഞിരുന്നു. ഒരു ചെടിയില്‍ പിടിപെട്ടാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ കൃഷിയിടമാകെ വ്യാപിക്കുന്നതാണ് രോഗം. മാസങ്ങള്‍ നീണ്ട പരിശ്രമത്തിലൂടെയാണ് കൂര്‍ഗില്‍ ഇഞ്ചിക്കൃഷിക്ക് പുതിയ ഭീഷണിയായത് പൈറിക്കുലാരിയ ഫംഗസ് രോഗമാണെന്ന് വിദഗ്ധര്‍ സ്ഥിരീകരിച്ചത്. കൂര്‍ഗിലെ പ്രത്യേക കാലാവസ്ഥയാണ് രോഗത്തിനും വ്യാപനത്തിനും കാരണമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. കര്‍ണാടകയുടെ മറ്റു ഭാഗങ്ങളിലും കേരളത്തിലും ഈ രോഗം ഉപദ്രവമാകില്ലെന്നായിരുന്നു അവരുടെ അനുമാനം. ഇതിനു വിരുദ്ധമായാണ് രോഗവ്യാപനം. രോഗനിയന്ത്രണത്തിന് പ്രത്യേക ഇനം കുമിള്‍നാശിനികളുടെ നിശ്ചിത അളവിലും സമയങ്ങളിലുമുള്ള പ്രയോഗമാണ് വിദഗ്ധര്‍ ശിപാര്‍ശ ചെയ്യുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!