അപകടകരമായ രീതിയിൽ ഓടിയ ബസിനെ പൂട്ടി കേരള പൊലീസ്

കണ്ണൂർ: കണ്ണൂരിൽ ഹോം ഗാർഡിനെ ഇടിച്ചു തെറിപ്പിക്കാൻ നോക്കിയ സ്വകാര്യ ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. കണ്ണൂരിലേക്ക് പോകുകയായിരുന്നു ‘ബ്രീസ്’ എന്ന ബസാണ് പഴയങ്ങാടി പൊലീസ് കസ്റ്റഡിയിലെടുത്തത്.സംഭവത്തിന്റെ ദൃശ്യങ്ങൾ കേരള പൊലീസ് പങ്കുവച്ചു. ‘മോൻ ഹാപ്പി അല്ലേ’ എന്ന അടിക്കുറിപ്പ് നൽകിയാണ് ഫേസ് ബുക്കിൽ വീഡിയോ ഷെയർ ചെയ്തത്. വാഹനങ്ങൾ ഒന്നിനു പിറകെ ഒന്നായി പോകുമ്പോൾ അതിനെയെല്ലാം മറികടന്ന് എതിർദിശയിലാണ് ബ്രീസ് എന്ന ബസ് കയറി വന്നത്. ബസ് വരുന്നത് ഹോം ഗാർഡ് രാജേഷ് കാണുകയും കൈ കാണിക്കുകയും ചെയ്തു. ബസ് നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇത് പരിഗണിക്കാതെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് ബസ് കയറിവരുകയായിരുന്നു. രാജേഷിന്റെ തൊട്ടടുത്തു കൂടെയാണ് ബസ് പോയത്. തലനാരിഴയ്ക്കാണ് രാജേഷ് രക്ഷപ്പെട്ടത്.നിരവധി പേർ ബസിനെതിരെ നടപടിയെടുത്തതിന് പൊലീസിനെ അഭിനന്ദിച്ചു. നിങ്ങൾ ഹാപ്പി അല്ലേ എന്ന പൊലീസിന്റെ ചോദ്യത്തിന് നിരവധി പേർ ഹാപ്പിയാണെന്ന് മറുപടി നൽകി. കമന്റുകൾ കൂമ്പാരമായതോടെ കമന്റ് ബോക്സിൽ മൊത്തം എത്ര “ഹാപ്പി“ ഉണ്ടെന്ന് കൃത്യം പറയുന്നവർക്ക് പ്രത്യേക സമ്മാനം എന്നായി കേരള പൊലീസിന്റെ കമന്റ്.