തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് യു.ഡി.എഫ് ഒരുങ്ങുന്നു; 20ന് പഞ്ചായത്ത് തല യോഗങ്ങൾ

കണ്ണൂർ: തദ്ദേശ ഭരണ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി യു.ഡി.എഫ്. പ്രവർത്തനം സജീവവും കുറ്റമറ്റതുമാക്കാൻ യു.ഡി.എഫ്. ജില്ലാ കമ്മറ്റി കർമ്മപദ്ധതികൾ ആവിഷ്കരിച്ചു. അതിൻ്റെ ഭാഗമായി ജില്ലയിലെ എല്ലാ മുനിസിപ്പൽ,മേഖലാ പഞ്ചായത്ത് തലങ്ങളിലും ജൂലൈ 20 ന് യു.ഡി.എഫിൻ്റെ പ്രത്യേക യോഗങ്ങൾ വിളിച്ചു ചേർക്കാൻ നിർദ്ദേശിച്ചു. നിയോജക മണ്ഡലം നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും. ജൂലൈ 31 നകം മുനിസിപ്പൽ, പഞ്ചായത്ത് കമ്മറ്റികളും ആഗസ്ത് 15 നകം വാർഡ് കമ്മറ്റികളും രൂപീകരിക്കാൻ തീരുമാനിച്ചു. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ കെടുകാര്യസ്ഥതക്കും അനാസ്ഥയ്ക്കുമെതിരെ ജൂലൈ 23 ന് കണ്ണൂർ കലക്ട്രേറ്റിന് മുന്നിൽ പ്രതിഷേധ സംഗമം നടത്തുവാനും യോഗം തീരുമാനിച്ചു. ഇതിന് മുന്നോടിയായി 18, 19 തിയ്യതികളിൽ എല്ലാ നിയോജക മണ്ഡലം യോഗങ്ങളും ചേരും. ജില്ലാ നേതാക്കൾ പ്രസ്തുത യോഗങ്ങളിൽ പങ്കെടുക്കും. യോഗത്തിൽ ഡി.സി.സി. പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ യു ഡി. എഫ്. കൺവീനർ അഡ്വ. അബ്ദുൽ കരീം ചേലേരി സ്വാഗതം പറഞ്ഞു.