ചാര്‍ജിങ് സ്റ്റേഷനുകളില്‍ വേണ്ടത് ‘ഹൈവോള്‍ട്ടേജ്’ സുരക്ഷ; മുന്നറിയിപ്പ് നല്കി മോട്ടോര്‍ വാഹനവകുപ്പ്

വൈദ്യുതി ചാര്‍ജിങ് സ്റ്റേഷനിലേക്ക് ചാര്‍ജുചെയ്യാന്‍ വരുമ്പോള്‍ അപകടമൊഴിവാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അധികൃതര്‍ പറയുന്നു. റോഡിലൂടെ വാഹനമോടിക്കുമ്പോള്‍ പുലര്‍ത്തുന്ന അതേ ജാഗ്രത ഇവിടെയുമുണ്ടാകണം.
വാഹനം കയറുമ്പോള്‍
സ്റ്റേഷനുകളില്‍ പലപ്പോഴും സ്ഥലം കുറവായിരിക്കും. പലപ്പോഴും പരമാവധി അഞ്ച് സെന്റിലാകും ചാര്‍ജിങ് സ്റ്റേഷനുകള്‍. മറ്റ് വാഹനങ്ങളും ആളുകളുമുണ്ടോയെന്ന് ശ്രദ്ധിച്ചുവേണം പാര്ക്കുചെയ്യാന്. സ്റ്റേഷനിലേക്ക് കയറുമ്പോള്‍ വേഗം കുറയ്ക്കണം. തറയില്‍ ഘടിപ്പിച്ചിട്ടുള്ള സ്റ്റോപ്പറിന് മുമ്പായി വാഹനം നിര്‍ത്തണം. വാഗമണ്ണില്‍ സ്റ്റോപ്പറുള്ള സ്റ്റേഷനിലാണ് അപകടമുണ്ടായത്. വേഗം ഇതിന് മുമ്പ് നന്നായി കുറയ്ക്കണം. വാഹനം റേസ് ചെയ്യുന്നത് ഒഴിവാക്കണം.
ഇരിക്കാന്‍
സുരക്ഷിതമായ സ്ഥലത്തുവേണം ഇരിപ്പിടങ്ങള്‍ ഒരുക്കാന്‍. ഉപയോക്താക്കള്‍ ചാര്‍ജിങ് പോയിന്റുകള്‍ക്ക് സമീപം ഒരിക്കലും നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യരുത്. ചാര്‍ജ് ചെയ്തതിനുശേഷം ചിലര്‍ ഗണ്‍ അലക്ഷ്യമായി ഇട്ടിട്ട് പോകാറുണ്ട്. ഇത് ഒഴിവാക്കണം.
മോട്ടോര്‍ വാഹനവകുപ്പ് നല്കുന്ന നിര്‍ദേശങ്ങള്‍
ഇലക്ട്രിക് വാഹനങ്ങള്‍ എല്ലാം ഓട്ടോമാറ്റിക് സംവിധാനത്തിലുള്ളതാണ്. പരിചയക്കുറവുമൂലമാണ് കൂടുതല്‍ അപകടങ്ങളും ഉണ്ടാകുന്നത്.
ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് വാഹനങ്ങള്‍ കയറ്റുമ്പോള്‍ വാഹനത്തെക്കുറിച്ച് പരിചയമുള്ളവര്‍ ഓടിക്കാന്‍ ശ്രമിക്കുക. ആക്സിലറേറ്റര്‍ പതുക്കെവേണം നല്കാന്.
ചാര്‍ജിങ് സ്റ്റേഷനുകളിലേക്ക് വാഹനങ്ങള്‍ കയറ്റുമ്പോള്‍ മുന്‍പിലും പിന്നിലും ആളില്ലെന്ന് ഉറപ്പുവരുത്തുക.ചാര്‍ജിങ് സ്റ്റേഷനുകളില്‍ വാഹനം പാര്‍ക്ക് ചെയ്യാനായി മഞ്ഞ വരകള്കൊണ്ട് അടയാളപ്പെടുത്തിയിട്ടുണ്ടാകും. അതിനുള്ളില്‍ വാഹനം പാര്ക്കുചെയ്യാന് ശ്രമിക്കുക.