പേരാവൂർ ടൗണിലെ നോ പാർക്കിങ്ങ് ബോർഡുകൾ; വ്യാപാരികളുടെ പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതി

പേരാവൂർ: ടൗണിൽ വ്യാപകമായി സ്ഥാപിച്ച നോ പാർക്കിങ്ങ് ബോർഡുകൾ വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വ്യാപാരികളുടെ പരാതികൾ പരിഹരിക്കാൻ ട്രാഫിക്ക് അവലോകന കമ്മിറ്റിയിൽ തീരുമാനം. വ്യാപാര സംഘടനകൾ ഉന്നയിച്ച മുഴുവൻ പരാതികളിലും നിർദ്ദേശങ്ങളിലും തീരുമാനമെടുക്കാൻ യോഗം പ്രത്യേക ഉപസമിതിയെ ചുമതലപ്പെടുത്തി.
ടൗണിലെ മുഴുവൻ നോ പാർക്കിങ്ങ് ബോർഡുകളും എടുത്ത് മാറ്റുന്നത് പ്രായോഗികമല്ലെന്നും വ്യാപാര സ്ഥാപനങ്ങൾക്ക് പ്രതികൂലമാവുന്നവ മാറ്റുന്ന കാര്യം പരിഗണിക്കാമെന്നും യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അറിയിച്ചു. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നതിനായി വാഹനങ്ങൾ അരികിൽ നിർത്തിയിടുമ്പോൾ ഡ്രൈവർ ഉള്ളിൽ തന്നെ ഉള്ള സമയത്ത് പോലീസ് ഫൈൻ ഈടാക്കുന്നത് ഒഴിവാക്കും.
സൗകര്യപ്രദമായപാർക്കിംങ്ങും പേ പാർക്കിങ്ങും ഉണ്ടാക്കുന്നതിന് പഞ്ചായത്ത് നടപടി സ്വീകരിക്കും. വഴിയോര കച്ചവടക്കാർ ടൗണിൽ കടകൾക്ക് മുന്നിൽ പോലും കച്ചവടം നടത്തുന്നത് നിയന്ത്രിക്കും.മുസ്ലിം പള്ളിക്ക് ശേഷവും ചെവിടിക്കുന്ന് പെട്രോൾ പമ്പിനപ്പുറത്തും മാത്രം വഴിയോരക്കച്ചവടം നടത്താൻ അനുവദിക്കും. വ്യാപാരികൾ നടപ്പാതകളിൽസാധനങ്ങൾ ഇറക്കി വെക്കുന്നത് കർശനമായും തടയും. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കും.രാവിലെയും വൈകുന്നേരവും ബസുകൾ സ്റ്റാൻഡിൽ കയറാത്തതിനെതിരെ നിയമനടപടിയുണ്ടാവും.
രാവിലെ പുറപ്പെടുന്ന ബസ്സുകൾ സ്റ്റാൻഡിൽ കയറാതെ പലയിടങ്ങളിൽ നിന്നായി പുറപ്പെടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഇതിൽ മാറ്റം വരുത്തും. മാലൂർ ഭാഗത്തേക്ക് പോകുന്ന ബസ്സുകൾ പുതിയ സ്റ്റാൻഡിൽ നിന്നും നേരത്തെ പുറപ്പെട്ട് 15 മിനിറ്റിലധികം പഴയ സ്റ്റാൻഡിൽ തുടരുന്നത് ഗതാഗതത്തിനും ഈ ഭാഗത്തേക്കുള്ള യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് ഇതിൽ നറ്റപടിയുണ്ടാവും.
നിടുംപൊയിൽ റോഡിൽ നടപ്പാതകൾ കയ്യേറി സ്വകാര്യ ആംബുലൻസുകൾ പാർക്ക് ചെയ്യുന്നത് നിയന്ത്രിക്കും. പ്രകാശ് ജ്വല്ലറി മുതൽ കാർമൽ പള്ളി ഗ്രോട്ടോ വരെയും രാജധാനി റസ്റ്റോറന്റിനു മുന്നിലും ഇരുചക്ര വാഹന പാർക്കിംഗ് തുടരും. താലൂക്കാസ്പത്രി ജംഗ്ഷൻ മുതൽ ബസ്റ്റോപ്പ് വരെയുള്ള ഇരുവശങ്ങളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കും.പുതിയ സ്റ്റാൻഡിൽ നിന്നും ബസുകൾ പുറത്തേക്കിറങ്ങുന്ന വഴിയിൽസ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനെതിരെയും നടപടിയുണ്ടാവും. രാവിലെ ഒൻപത് മ്യുതൽ 10 വരെയും വൈകിട്ട് നാലു മുതൽ അഞ്ചു വരെയും ടൗണിൽ വലിയ വാഹനങ്ങളിൽ നിന്നുള്ള കയറ്റിറക്ക് കർശനമായും ഒഴിവാക്കും.
ഉപസമിതിയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് ടൗണിലെ ട്രാഫിക്ക് നിയന്ത്രണങ്ങളിൽ കാതലായ മാറ്റമുണ്ടാക്കാനും യോഗത്തിൽ തീരുമാനമായി.
പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷനായി. വ്യാപാര നേതാക്കളായ കെ.കെ.രാമചന്ദ്രൻ, ഷബി നന്ത്യത്ത്, ഷിനോജ് നരിതൂക്കിൽ , ഇരിട്ടി എഎംവിഐ ടി.എ.സുമേഷ്, സിപിഒ കെ.സജു, പഞ്ചായത്തംഗങ്ങളായ എം.ഷൈലജ, റജീന സിറാജ്, യു.വി.അനിൽകുമാർ,വിവിധ രാഷ്ട്രീയപ്പാർട്ടി-സംഘടന പ്രതിനിധികൾ എന്നിവർ സംസാരിച്ചു.