കെഎസ്ആർടിസിയിൽ മഴയാത്ര പോയാലോ…; വെള്ളച്ചാട്ടവും മലയോരക്കാഴ്ചകളും കാണാം

കണ്ണൂർ : ജില്ലയുടെ വെള്ളച്ചാട്ടവും മലയോരക്കാഴ്ചകളും ഉൾപ്പെടുത്തിയുള്ള മൺസൂൺ പാക്കേജുമായി കെഎസ്ആർടിസി. ജില്ലയിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിലാണു മൺസൂൺ പാക്കേജ്. ഏഴരക്കുണ്ട്, പാലക്കയം തട്ട്, പൈതൽ മല എന്നിവ കേന്ദ്രീകരിച്ചാണ് പ്രത്യേക ടൂർ പാക്കേജ് ഒരുക്കുന്നത്. പയ്യാമ്പലം ബീച്ച്, ബേബി ബീച്ച്, പയ്യാമ്പലം പ്ലാനറ്റേറിയം, വാച്ച് ടവർ, കണ്ണൂർ സെന്റ് ആഞ്ചലോസ് കോട്ട, അറക്കൽ മ്യൂസിയം, മുഴപ്പിലങ്ങാട് ഡ്രൈവ് ഇൻ ബീച്ച്, ധർമടം തുരുത്ത്, ചൂട്ടാട് ബീച്ച്, മാട്ടൂൽ പെറ്റ് സ്റ്റേഷൻ, വയലപ്ര ഫ്ലോട്ടിങ് ബ്രിജ്, വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക്, പഴശ്ശി ഡാം എന്നിവ ഉൾക്കൊള്ളിച്ച ടൂറിസം സർക്കീറ്റിനു പിന്നാലെയാണ് മലയോരക്കാഴ്ചകളും വെള്ളച്ചാട്ടവും ബജറ്റ് ടൂറിസം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. രാവിലെ 6.30ന് കണ്ണൂർ ഡിപ്പോയിൽ നിന്ന് ആരംഭിച്ച് രാത്രി 9ന് കണ്ണൂരിൽ യാത്ര സമാപിക്കും. 950 രൂപയാണ് ഒരാൾക്ക് യാത്രാനിരക്ക്.
നാലമ്പല തീർഥാടന യാത്ര 17ന് തുടങ്ങും
നീർവേലി ശ്രീരാമസ്വാമി ക്ഷേത്രം, എളയാവൂർ ഭരത സ്വാമി ക്ഷേത്രം, പെരിഞ്ചേരി ലക്ഷ്മണ സ്വാമി ക്ഷേത്രം, പായം ശത്രുഘ്ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിലേക്കാണ് യാത്ര. 17,19, 26 തീയതികളിലാണ് ദർശന യാത്ര. കണ്ണൂർ ഡിപ്പോയിൽ നിന്ന് രാവിലെ 6.30ന് പുറപ്പെട്ട് വൈകിട്ട് 4ന് തിരിച്ചെത്തും. 490 രൂപയാണ് ഒരാൾക്ക് നിരക്ക്. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രം ഉൾപ്പെടെ ജില്ലയിലെ പ്രധാനപ്പെട്ട എല്ലാ തീർഥാടന കേന്ദ്രങ്ങളും ഉൾക്കൊള്ളിച്ചുള്ള പാക്കേജും ഒരുക്കുന്നുണ്ട്.
7 മാസം, 2500 സഞ്ചാരികൾ
7 മാസം പിന്നിട്ട, ജില്ലയിലേക്കുള്ള കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിൽ ഇതുവരെ എത്തിയത് 45 ട്രിപ്പുകളിലായി 2500ത്തോളം സഞ്ചാരികൾ. ആദ്യമായി മലപ്പുറം– നിലമ്പൂർ ഡിപ്പോകളിൽ നിന്ന് എത്തിയ ബജറ്റ് ടൂറിസം സർവീസിന്റെ ചുവട് പിടിച്ചാണ് കൂടുതൽ ബജറ്റ് സർവീസ് ആരംഭിച്ചത്. തുടർന്ന് കൊല്ലം, കോഴിക്കോട്, വയനാട്, തൃശൂർ എന്നീ ജില്ലകളിൽ നിന്നും സഞ്ചാരികളുമായി കെഎസ്ആർടിസി ബസുകളെത്തി. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് സഞ്ചാരികൾ ഏറെയും എത്തിയത്. വനിതാ സഞ്ചാരികൾ ഉൾപ്പെടെ സംഘമായി കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പാക്കേജ് തിരഞ്ഞെടുത്ത് എത്തി. ജില്ലയിലേക്ക് വൺ ഡേ, ടൂ ഡേ ടൂർ പാക്കേജുകളാണുള്ളത്. ജില്ലയുടെ പ്രധാന ടൂറിസം കേന്ദ്രങ്ങളെല്ലാം ഉൾപ്പെടുന്ന വിപുലമായ ടൂർ പാക്കേജാണ് ജില്ലാ അധികൃതർ ഒരുക്കുന്നത്. ഇത് സംബന്ധിച്ച് വിശദമായ പാക്കേജ് സംസ്ഥാനത്തെ എല്ലാ ഡിപ്പോ അധികൃതർക്കും കൈമാറിയിട്ടുണ്ട്.