വയനാട് പുനരധിവാസം: മുസ്ലീംലീഗ് ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍, പിരിച്ചത് 40 കോടി

കോഴിക്കോട്: വയനാട് മുണ്ടക്കൈ ചൂരല്‍മല പുനരധിവാസത്തിനായി മുസ്ലീംലീഗ് പ്രഖ്യാപിച്ച ഭവനപദ്ധതിക്കായി വാങ്ങിയ ഭൂമി നിയമക്കുരുക്കില്‍. തൃക്കൈപ്പറ്റ വില്ലേജില്‍ വാങ്ങിയ ഭൂമിയില്‍ ഒരു ഭാഗം തോട്ടഭൂമി (പ്ലാന്റേഷന്‍ ഭൂമി)ആണെന്ന വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ടിന്മേല്‍ വൈത്തിരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഭൂവുടമകളില്‍നിന്ന് വിശദീകരണം തേടി.11 ഏക്കര്‍ ഭൂമിയിലെ ഒരു ഭാഗം കാപ്പിത്തോട്ടം തരം മാറ്റിയെന്നാണ് തൃക്കൈപ്പറ്റ വില്ലേജ് ഓഫീസര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. തുടര്‍നടപടികള്‍ക്കായി കണിയാമ്പറ്റ സോണല്‍ ബോര്‍ഡ് ഓഫീസര്‍ക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് സോണല്‍ ബോര്‍ഡ് ഭൂവുടമയായ കല്ലങ്കോടന്‍ മൊയ്തുവിന് നോട്ടീസ് അയച്ചത്. ലാന്‍ഡ് ബോര്‍ഡില്‍ രേഖകള്‍ സഹിതം ഹാജരായി വിശദീകരണം നല്‍കണം എന്നാണ് നോട്ടീസ്. പ്രസ്തുത ഭൂമി കല്ലങ്കോടന്‍ മൊയ്തുവിന് ഭൂപരിഷ്‌കരണ നിയമപ്രകാരം ഇളവ് നല്‍കിയ 11.12 ഏക്കറില്‍പ്പെട്ടതായതിനാല്‍ തോട്ടഭൂമി തരം മാറ്റിയതില്‍ ഭൂവുടമയ്ക്ക് ബോധിപ്പിക്കാനുള്ള വിശദീകരണം അറിയിക്കണമെന്നാണ് നോട്ടീസില്‍ പറയുന്നത്. എന്നാല്‍, ഭൂമിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങളില്ലെന്ന് പദ്ധതി ഉപസമിതി കണ്‍വീനര്‍ പി.കെ. ബഷീര്‍ എംഎല്‍എയും മഴയായതിനാലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വൈകുന്നതെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാമും പ്രതികരിച്ചു.
പണം എന്തുചെയ്‌തെന്ന് ലീഗ് വിശദീകരിക്കണം
സര്‍ക്കാരിന്റെ ഭവന പദ്ധതിയെ വിമര്‍ശിക്കുന്ന ലീഗ് പുനരധിവാസത്തിനായി പിരിച്ചെടുത്ത പണം എന്ത് ചെയ്‌തെന്നും ദുരിതബാധിതര്‍ക്ക് വീട് എന്ന് നല്‍കുമെന്നും വ്യക്തമാക്കണമെന്നും സിപിഎം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി ഹാരിസ് ആവശ്യപ്പെട്ടു. മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതരുടെ പേരില്‍ കോടികളാണ് മുസ്ലീം ലീഗ് പിരിച്ചെടുത്തത്. ആ പണം ഉപയോഗിച്ച് റിയല്‍ എസ്റ്റേറ്റ് ലോബിയാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. നിയമക്കുരുക്കില്‍പ്പെട്ട ഭൂമിയില്‍ വീട് നിര്‍മിക്കുക പ്രായോഗികമല്ല. ലീഗിനെ വിശ്വസിച്ച് 15 ലക്ഷം രൂപ വാങ്ങി സര്‍ക്കാര്‍ ഭവന പദ്ധതിയില്‍നിന്നും പിന്‍മാറിയവര്‍ക്ക് വീട് കിട്ടുന്നത് പ്രതിസന്ധിയിലാകും. ഭവന പദ്ധതിക്കായി പിരിച്ച പണം എന്ത് ചെയ്‌തെന്നും പദ്ധതിയില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് എന്ന് വീട് നല്‍കുമെന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കണം എന്നും സിപിഎം കല്‍പ്പറ്റ ഏരിയാ സെക്രട്ടറി ഹാരിസ് പറഞ്ഞു.
മുസ്ലീം ലീഗ് പുനരധിവാസ പദ്ധതി
തൃക്കൈപ്പറ്റ വില്ലേജില്‍ വെള്ളിത്തോട് പ്രദേശത്ത് മുട്ടില്‍-മേപ്പാടി പ്രധാന റോഡിനോടു ചേര്‍ന്നാണ് ഭവനപദ്ധതിക്കായി സ്ഥലം കണ്ടെത്തിയത്. വിലയ്ക്കെടുത്ത 11 ഏക്കര്‍ ഭൂമിയില്‍ 1000 ചതുരശ്രയടിയുള്ള വീടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. 2000 ചതുരശ്രയടി വീട് നിര്‍മിക്കാനാവുംവിധം ബലത്തിലായിരിക്കും അടിത്തറയൊരുക്കുക.മൂന്ന് മുറികളും അടുക്കളയും മറ്റു സൗകര്യങ്ങളുമുള്‍ക്കൊള്ളുന്ന രീതിയിലായിരിക്കും വീടിന്റെ ഘടന. വൈദ്യുതിയും വെള്ളവും വഴിയും ഉറപ്പാക്കിയാണ് സ്ഥലമേറ്റെടുത്തത്. പദ്ധതിപ്രദേശത്തുനിന്ന് കല്പറ്റയിലേക്കും മേപ്പാടിയിലേക്കും എളുപ്പത്തില്‍ എത്തിപ്പെടാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ വെള്ളിത്തോട് ഉപസമിതിയുടെ ഓഫീസ് പ്രവര്‍ത്തനവും തുടങ്ങി. 40 കോടിയിലേറെ രൂപയാണ് മുസ്ലീം ലീഗ് ഇതിനായി പിരിച്ചെടുത്തത്. ഇതില്‍ 12,83,78,150 കോടി രൂപ ഭൂമിയുടെ വിലയായി നല്‍കി. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ പേരിലേക്കാണ് ഭൂമി രജിസ്റ്റര്‍ ചെയ്തത്.