വെളിച്ചെണ്ണയെ വിട്ട്‌ അടുക്കളകൾ പണിനിർത്തി മില്ലുകൾ

Share our post

കണ്ണൂർ: പൊള്ളുന്ന വിലയായതോടെ ജില്ലയിലെ വെളിച്ചെണ്ണ മില്ലുകളും പ്രതിസന്ധിയിൽ. വില വർധിച്ചതോടെ വിൽപ്പന പകുതിയായി കുറഞ്ഞതാണ്‌ മില്ലുകളെ പ്രതിസന്ധിയിലാക്കുന്നത്‌. സഹകരണ മേഖലയിലേതടക്കം ജില്ലയിലെ വെളിച്ചെണ്ണ മില്ലുകളെല്ലാം ഉൽപാദനം പകുതിയായി കുറച്ചു. പലതും താൽകാലികമായി ഉൽപാദനം നിർത്തിയിട്ടുമുണ്ട്‌. ചെലവു കുറവായതിനാൽ പാം ഓയിൽ, സൺഫ്ലവർ ഓയിലുകളിലേക്ക്‌ ആളുകൾ മാറുന്നതും വെളിച്ചെണ്ണ വിപണിയിൽ കനത്ത തിരിച്ചടിയാകുന്നു. ലിറ്ററിന്‌ 410 രൂപയാണ്‌ വെളിച്ചെണ്ണയ്‌ക്ക്‌ വ്യാഴാഴ്‌ച വില. പാം ഓയിലിന്‌ 120 രൂപയും സൺഫ്ലവർ ഓയിലിന്‌ 155 രൂപയുമാണ്‌. വെളിച്ചെണ്ണ ഉപയോഗിക്കുന്നവർ ഭൂരിഭാഗവും കളം മാറ്റിച്ചവിട്ടിയതോടെയാണ്‌ വിപണിയിൽ തിരിച്ചടിയായത്‌. സഹകരണ മേഖലയിലെ വെളിച്ചെണ്ണയ്‌ക്കും ജില്ലയിൽ നല്ല ഡിമാന്റായിരുന്നു. ഇതിന്റെ വിൽപ്പനയും പകുതിയായി കുറഞ്ഞിട്ടുണ്ട്‌. വെളിച്ചെണ്ണ നിർബന്ധമുള്ളവർ വാങ്ങുന്നത്‌ പകുതിയാക്കി ചെലവ്‌ ചുരുക്കുകയാണെന്ന്‌ കച്ചവടക്കാർ പറയുന്നു.

കേരളത്തിലും തേങ്ങ ഉൽപ്പാദനം കുറഞ്ഞതാണ്‌ പ്രതിസന്ധിക്ക്‌ കാരണമായത്‌. കാലാവസ്ഥാ വ്യതിയാനവും തെങ്ങി​നുണ്ടാകുന്ന രോഗങ്ങളും തിരിച്ചടിയായി. കാലംതെറ്റിയും ഇടതടവില്ലാതെയും പെയ്‌ത മഴയും കൊപ്രയുടെ ഗുണം കുറച്ചു. വൻകിട–- ചെറുകിട മില്ലുകളെല്ലാം തമിഴ്നാട് കൊപ്രയെയാണ്‌ ആശ്രയിക്കുന്നത്‌. ഇവിടെനിന്ന് കൊണ്ടുപോയതടക്കം കൂടിയ വിലയ്‌ക്കാണ്‌ കേരളത്തിലേക്ക്‌ തിരിച്ചെത്തുന്നത്‌. തമിഴ്‌നാട്‌, കർണാടകം എന്നിവിടങ്ങളിൽനിന്നാണ്‌ കേരളത്തിലേക്ക്‌ പ്രധാനമായും കൊപ്രയെത്തുന്നത്‌. തമിഴ്‌നാട്ടിലെ കങ്കേയമാണ്‌ പ്രധാന കേന്ദ്രം. കങ്കേയം പട്ടണത്തിലും പരിസരത്തും അഞ്ഞൂറിലേറെ തേങ്ങ സംസ്‌കരണ കേന്ദ്രങ്ങളുണ്ട്‌. കൊപ്ര ഉണക്കൽ യൂണിറ്റുകളാണ്‌ ഭൂരിഭാഗവും. നൂറിലേറെ വെളിച്ചെണ്ണ മില്ലുകളുമുണ്ട്‌. സൾഫർ കത്തിച്ച്‌ പുകയിട്ട്‌ ഉണക്കിയ കൊപ്രയാണ്‌ ഇവിടെനിന്ന്‌ കേരളത്തിലേക്ക്‌ എത്തുന്നതെന്ന പരാതി വ്യാപകമാണ്‌. കേടുകൂടാതെ കൂടുതൽ ദിവസം വെക്കുന്നതിനാണ്‌ സൾഫർ പുകയിടുന്നത്‌. തേങ്ങ ഉടയ്‌ക്കുന്ന ദിവസംതന്നെ സൾഫർ പുകയിടുന്നതിനാൽ കൃത്യമായി ഉണങ്ങിയില്ലെങ്കിലും കേടുവരില്ല. വെളിച്ചെണ്ണയും ഇവിടെനിന്ന്‌ എത്തിച്ച്‌ വിൽക്കുന്ന മില്ലുകളുണ്ട്‌. പാരഫിൻ ചേർക്കുന്ന വെളിച്ചെണ്ണയാണ്‌ ഇവിടെനിന്നും കൂടുതലായി എത്തുന്നതെന്നും പരാതിയുണ്ട്‌. ഇവിടെ വർഷങ്ങൾക്കുശേഷം ഇത്തവണ മഴ പെയ്‌തത്‌ ശേഖരണത്തിന്‌ വലിയ പ്രതിസന്ധിയുണ്ടാക്കിയതായി മില്ലുടമകൾ പറയുന്നു. ഇവിടെനിന്നും ആവശ്യത്തിന്‌ കൊപ്ര ലഭ്യമാകാത്തതും ജില്ലയിലെ മില്ലുടമകളെ പ്രതിസന്ധിയിലാക്കി. സഹകരണമേഖലയിലെ സംസ്കരണ ഫാക്ടറികൾ കർഷകരിൽനിന്ന്‌ നേരിട്ട്‌ പച്ചത്തേങ്ങ ശേഖരിച്ചാണ്‌ എണ്ണയാട്ടുന്നത്‌. ജില്ലയുടെ മലയോരപ്രദേശങ്ങളിൽനിന്നും കോഴിക്കോട്‌ ജില്ലയിലെ കുറ്റ്യാടിയടക്കമുള്ള പ്രദേശങ്ങളിൽനിന്നുമാണ്‌ ഇവർ തേങ്ങ ശേഖരിക്കുന്നത്‌. വിലക്കൂടുതലും തേങ്ങയുൽപാദനത്തിലെ കുറവും സഹകരണ സ്ഥാപനങ്ങളെയും ബാധിച്ചിട്ടുണ്ട്‌. നേരത്തേ 20 ദിവസത്തേക്കെങ്കിലും തേങ്ങ സ്‌റ്റോക്ക്‌ ചെയ്‌തിരുന്നിടത്ത്‌ ഇപ്പോൾ രണ്ടോ മൂന്നോ ദിവസത്തേക്കുള്ളതേയുള്ളൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!