എടക്കാനം റിവർ വ്യൂ പോയിന്റ്; വിനോദ സഞ്ചാരികളുടെ പറുദീസ

ഇരിട്ടി: എടക്കാനം റിവർ വ്യൂ പോയിന്റ് ജില്ലയിലെ എണ്ണപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാകുന്നു. അവധി ദിവസങ്ങളിൽ പുലർച്ചെമുതൽ രാത്രിവരെയും പ്രവൃത്തി ദിവസങ്ങളിൽ വൈകിട്ടും വൻ സന്ദർശകത്തിരക്കാണിവിടെ. ഇരിട്ടിപ്പുഴയും പുഴ രൂപപ്പെടുത്തിയ അകംതുരുത്തി ദ്വീപും പുഴയോരത്തെ പച്ചപ്പാർന്ന പുൽത്തകിടികളും പ്രത്യേകതയാണ്. വനസാന്നിധ്യം പോലെ പടർന്നുപന്തലിച്ച പഴശി പദ്ധതിയുടെ തീരങ്ങൾ ഉൾപ്പെട്ട പത്തേക്കറിലുള്ള മനോഹാരിത ആരെയും ആകർഷിക്കും. കോടമഞ്ഞിന്റെ പുതപ്പണിഞ്ഞതാണ് പരിസരം. കനത്ത മഴയുടെ ഇരമ്പലും സസ്യ–- ജന്തു വൈവിധ്യവും പ്രദേശത്തെ പ്രകൃതി നിരീക്ഷകരുടെ പ്രിയ ഇടമാക്കുന്നു. ദേശാടനപക്ഷികളടക്കം നിരവധിയിനം പക്ഷികളുടെ താവളമാണ് അകംതുരുത്തി. ടൂറിസത്തിന് ബൃഹത് പദ്ധതി വ്യൂ പോയിന്റ് വികസനത്തിനും അതിവിപുലമായ ടൂറിസം പദ്ധതിക്കുമായി ഇരിട്ടി നഗരസഭയും ഹരിത കേരള മിഷനും ജില്ലാ ശുചിത്വമിഷനും ഡിടിപിസിയും വിവിധ സന്നദ്ധ സംഘടനകളുടെ സഹായത്തോടെ രൂപരേഖയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷം സർക്കാരിലും ടൂറിസം വകുപ്പിലും സമർപ്പിച്ചു. ജലസേചന പദ്ധതി വിഭാഗത്തിന്റേതാണ് നിർദിഷ്ട വ്യൂ പോയിന്റ് സ്ഥലം. പഴശി ജലസേചന വിഭാഗം അനുമതി നൽകിയാലേ പദ്ധതി നടപ്പാക്കാനാവൂ. മന്ത്രി റോഷി അഗസ്റ്റിൻ മുമ്പാകെയാണ് നഗരസഭ രൂപരേഖ നൽകിയത്. നടത്തിപ്പിന് സ്ഥലം അനുമതിക്കുള്ള കാത്തിരിപ്പിലാണ് നഗരസഭ. നടത്തിപ്പിന് ഔദ്യോഗിക സംവിധാനം വേണം നൂറുകണക്കിന് സഞ്ചാരികൾ എത്തുന്നതാണ് മേഖല. നടത്തിപ്പിന് ഔദ്യോഗിക സംവിധാനമുണ്ടായാലേ നിലവിലുള്ള പ്രശ്‌നങ്ങൾ മറികടക്കാനാവൂ. മാലിന്യം തള്ളൽ, പുഴയിൽ ഇറങ്ങിയുള്ള അപകടം എന്നിവ നാട്ടുകാർക്കും നഗരസഭയ്‌ക്കും പ്രയാസമുണ്ടാക്കുന്നുണ്ട്. സുരക്ഷാ സംവിധാനമോ അടിസ്ഥാനസൗകര്യ വികസനമോ നടപ്പാക്കാൻ അനുമതിയില്ല. രണ്ടുപേർ ഇതിനകം മുങ്ങിമരിച്ചു. ഔദ്യോഗിക സംവിധാനത്തിന് കീഴിൽ വരാത്തിടത്തോളം ഇവിടേക്ക് എത്തുന്ന ആളുകളെ നിയന്ത്രിക്കാനാവില്ല.