ഉളിയിലിലെ ഖദീജ കൊലക്കേസ്: സഹോദരങ്ങൾക്ക് ജീവപര്യന്തം

Share our post

തലശ്ശേരി: മട്ടന്നൂരിനടുത്തെ ഉളിയിൽ പടിക്കച്ചാലിൽ സഹദ മൻസിലിൽ ഖദീജയെ (28) കൊലപ്പെടുത്തിയ കേസിൽ പ്രതികളായ സഹോദരങ്ങളെ തലശേരി കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഖദീജയുടെ സഹോദരങ്ങളായ കെ.എൻ ഇസ്മായിൽ, കെഎൻ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. ഖദീജയെ കൊലപ്പെടുത്തിയത് രണ്ടാം വിവാഹം കഴിക്കുന്ന വിരോധത്തിലാണെന്ന് കോടതി കണ്ടെത്തിയിരുന്നു. അന്തിമ വാദത്തിൽ ഖദീജയുടെ ദുരഭിമാനക്കൊല അല്ലെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. എന്നാൽ ഇത് ദുരഭിമാനക്കൊല ആണെന്നും വധശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ വാദിച്ചത്.

2012 ഡിസംബർ 12 ന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. ഖദീജയെ കൊലപ്പെടുത്തുകയും രണ്ടാം ഭർത്താവ് ഷാഹുൽ ഹമീദിനെ ഗുരുതരമായി ആക്രമിക്കുകയും ചെയ്യുകയായിരുന്നു. ആദ്യം വിവാഹം ചെയ്തയാളെ ത്വലാഖ് നടത്തിയ ശേഷമായിരുന്നു പ്രതികൾ രണ്ടാം കല്യാണത്തിനെന്ന വ്യാജേന ഖദീജയെയും രണ്ടാം ഭർത്താവ് കോഴിക്കോട് ഫറൂക്ക് സ്വദേശി ഷാഹുൽ ഹമീദിനെയും വിളിച്ചുവരുത്തിയത്. തുടർന്ന് ഖദീജയെ കൊലപ്പെടുത്തുകയും ഷാഹുൽ ഹമീദിനെ ആക്രമിക്കുകയുമായിരുന്നു. കേസിൽ 13 വർഷത്തിന് ശേഷമാണ് വിധി വരുന്നത്. മട്ടന്നൂർ സി.ഐയായിരുന്ന ഇപ്പോഴത്തെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ്.പി കെ.വി വേണുഗോപാലാണ് കേസന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.

അഡീഷനൽ ജില്ലാ കോടതി (ഒന്ന്) ജഡ്ജി ഫിലിപ്പ് തോമസാണ് വിധി പ്രഖ്യാപിച്ചത്. വിധി കേൾക്കുന്നതിനായി ഖദീജയുടെ ബന്ധുക്കളും നാട്ടുകാരും ഉൾപ്പെടെ നിരവധിയാളുകൾ കോടതി വളപ്പിലെത്തിയിരുന്നു. കേസിലെ നാല് പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!