പത്തുരൂപയ്‌ക്ക് ‘ടിക്കറ്റ്’ ലോട്ടറിസ്‌റ്റാളുകളിലും എഴുത്ത് വ്യാപകം

കണ്ണൂർ: സംസ്ഥാന ഭാഗ്യക്കുറിയുടെ ടിക്കറ്റ് നമ്പർ ഉപയോഗപ്പെടുത്തി ലോട്ടറി സ്‌റ്റാളുകളിലും എഴുത്തുലോട്ടറി വ്യാപകം. മൂന്നു നമ്പറിലാണ് ഭാഗ്യപരീക്ഷണം. അടിച്ചാൽ പത്തുരൂപയ്‌ക്ക് അയ്യായിരം രൂപ ലഭിക്കുമെന്നതിനാൽ ഈ അനധികൃത ലോട്ടറിക്കാണ് ആവശ്യക്കാരേറെയും. സംസ്ഥാന ലോട്ടറിയിൽ സമ്മാനം ലഭിക്കുന്ന നമ്പറിലെ അവസാന മൂന്നക്കത്തിനാണ് എഴുത്തുലോട്ടറിയിൽ സമ്മാനം. ദിനംപ്രതി നൂറുകണക്കിന് ‘ടിക്കറ്റ്’ എടുത്ത് അനധികൃത ഓൺലൈൻ ലോട്ടറിയിൽ ആയിരങ്ങളാണ് ഭാഗ്യപരീക്ഷണം നടത്തുന്നത്. വാട്‌സ് ആപ്, ടെലിഗ്രാം ഉൾപ്പെടെയുള്ള സമൂഹമാധ്യമ അക്കൗണ്ടുകളും ഇതിനായി ഉപയോഗിക്കുന്നുണ്ട്. പഴയ എഴുത്തുലോട്ടറിയുടെ പുതിയ രൂപമാണ് അംഗീകൃത ലോട്ടറി സ്‌റ്റാളുകളിലടക്കം നടക്കുന്നത്. മൂന്നു നമ്പറാണ് നിശ്ചിത സമയത്തിനുമുമ്പ് തെരഞ്ഞെടുക്കേണ്ടത്. സംസ്ഥാന ഭാഗ്യക്കുറിയിൽ അതത് ദിവസം സമ്മാനാർഹമാകുന്ന ടിക്കറ്റുകളുടെ അവസാന നമ്പറുകൾക്കാണ് ഈ സമാന്തര ലോട്ടറിയിലും സമ്മാനം. ചിലർ അവസാന മൂന്നു നമ്പറാണെങ്കിൽ, മറ്റു ചിലർ നാലു നമ്പറും പരിഗണിക്കുന്നു. 5,000 രൂപയാണ് ഒന്നാം സമ്മാനം. 500, 250, 100, 50, 20 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. ഒരു ടിക്കറ്റിന് പത്തുരൂപയാണ്. സംസ്ഥാന ഭാഗ്യക്കുറിയിൽ അമ്പതു രൂപയ്‌ക്ക് ഒരു ടിക്കറ്റെടുക്കുമ്പോൾ ഇവിടെ അഞ്ചെണ്ണം എടുക്കാമെന്നതും ആകർഷണമാണ്. പത്തുമുതൽ മുകളിലോട്ടാണ് ഭൂരിഭാഗം പേരും ടിക്കറ്റെടുക്കുക. സംസ്ഥാന ഭാഗ്യക്കുറിയിൽ ഒരേ നമ്പറിലുള്ള ടിക്കറ്റ് കൂടുതൽ എണ്ണം (സെറ്റ്) എടുക്കുന്ന രീതിതന്നെയാണ് ഇവിടെയും. പത്തു രൂപയുടെ പത്തു ടിക്കറ്റ് എടുക്കുന്നയാൾക്ക് ഒന്നാം സമ്മാനം അടിച്ചാൽ അമ്പതിനായിരം രൂപ കിട്ടും. ഇരുപത് ടിക്കറ്റെടുത്താൽ സമ്മാനം ഒരു ലക്ഷമാകും. നറുക്കെടുത്ത് മണിക്കൂറുകൾക്കുള്ളിൽ പണം കൈയിലെത്തും. കൂടുതൽ ഏജന്റുമാരും പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്. ഏജന്റുമാർക്കും നല്ല കമീഷൻ ലഭിക്കുന്നുണ്ട്. വൻകിട സംഘങ്ങളാണ് പിന്നിൽ. ജില്ലയിലുള്ളവരും ജില്ലയ്‌ക്ക് പുറത്തുള്ളവരും സമാന്തര ലോട്ടറി നടത്തിപ്പുകാരായുണ്ട്. സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുത്ത നമ്പറാണ് ഇവരും ഉപയോഗിക്കുന്നത് എന്നതിനാൽ നറുക്കെടുപ്പ് ഉൾപ്പെടെയുള്ളവ ഇവരുടെ ഉത്തരവാദിത്വത്തിൽപ്പെടുന്നില്ല. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന് പരിശോധനാ സംവിധാനങ്ങൾ ഇല്ലാത്തതാണ് സ്‌റ്റാളുകൾ കേന്ദ്രീകരിച്ചും സമാന്തര ലോട്ടറി തഴച്ചുവളരുന്നത്. പരാതി ലഭിച്ചാൽ പൊലീസിന് കൈമാറുകയാണ് ഭാഗ്യക്കുറി വകുപ്പുചെയ്യുക. തെളിവ് ലഭിച്ചാൽ ലൈസൻസ് റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികളുണ്ടാകും.