കായൽക്കാഴ്ചകൾ കാണാം, രുചി നുകരാം…വരുന്നു, കുട്ടനാടൻ സഫാരി

ആലപ്പുഴ: കുട്ടനാടിനെ അടുത്തറിയാൻ ‘കുട്ടനാടൻ സഫാരി’ പാക്കേജ് ടൂറിസം സർവീസ് സംസ്ഥാന ജലഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ പ്രഖ്യാപിച്ചു. മുഹമ്മ ഗ്രാമപ്പഞ്ചായത്തുമായി ചേർന്നു നടപ്പാക്കുന്ന പദ്ധതിയിൽ പാതിരാമണൽ ദ്വീപിൽ സഞ്ചാരികൾക്കായി വിവിധ കലാപരിപാടികളും അരങ്ങേറും. ഇവിടെപുല്ലും മുളയും കൊണ്ട് ആംഫി തിയേറ്റർ പൂർത്തിയാക്കും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സ്പോൺസർഷിപ്പോടെയാണിത്. ഓണക്കാലത്തോടെ പദ്ധതി ആരംഭിക്കാനാണ് ശ്രമം. ജലഗതാഗത വകുപ്പിന്റെ പുതിയ ‘സൗര-1’ സൗരോർജ യാത്രാബോട്ടാണ് പദ്ധതിക്കായി ഉപയോഗിക്കുക. ഒരേസമയം 30 പേർക്ക് സഞ്ചരിക്കാനാകും. കെഎസ്ആർടിസിയുമായി ബന്ധിപ്പിച്ച് പാക്കേജ് ടൂറിസവും ലക്ഷ്യമിട്ടിട്ടുണ്ട്. ദിവസവും രാവിലെ 10-ന് ആലപ്പുഴ ബോട്ടുജെട്ടിയിൽനിന്നാരംഭിക്കുന്ന സഞ്ചാരം വൈകീട്ട് അഞ്ചോടെ മടങ്ങിയെത്തും.
പദ്ധതി ഇങ്ങനെ
ആലപ്പുഴയിൽ നിന്നാരംഭിച്ച് ബോട്ട് നെഹ്റുട്രോഫി പവിലിയനു സമീപത്തുകൂടെ അഴീക്കൽ കനാലിലൂടെയാകും സഞ്ചാരം. ഇവിടെ നാടൻകടയിൽ നിന്ന് പ്രഭാതഭക്ഷണം. അതിനിടയിൽ ഓല മെടയുന്നതു കാണാം, പരീക്ഷിക്കാം. കയർ പിരിക്കാനും പറ്റും. ഈ സമയത്ത് ചിത്രകാരൻ തത്സമയം സഞ്ചാരികളുടെ ചിത്രങ്ങളും വരച്ചുനൽകും. വിവിധ കരകൗശല വസ്തുക്കൾ വാങ്ങുന്നതിനു സൗകര്യമുണ്ടാകും.സി ബ്ലോക്കിലെത്തുമ്പോൾ ഒരു ചുണ്ടൻവള്ളം സഞ്ചാരികൾക്ക് അടുത്തറിയാം. ഉച്ചഭക്ഷണം ആർ ബ്ലോക്കിലേക്കുള്ള യാത്രയിൽ കള്ളുഷാപ്പിലാകും. തുടർന്ന്, യാത്ര പാതിരാമണലിലേക്ക്. ഈ യാത്രയിൽ വേലകളി, കുത്തിയോട്ടം, വില്ലൊടിച്ചാംപാട്ട് തുടങ്ങിയവയുടെ ചരിത്രവും ആലപ്പുഴയുടെ പാരമ്പര്യവുമെല്ലാം സഞ്ചാരികൾക്ക് പകർന്നുനൽകും. പാതിരാമണലിലെ ആംഫി തിയേറ്ററിൽ കളരി, ഗരുഡൻപയറ്റ് തുടങ്ങിയ കലാരൂപങ്ങൾ പ്രദർശിപ്പിക്കും. ആലപ്പുഴയിലേക്കുള്ള മടക്കയാത്രയിൽ കക്ക നീറ്റുന്നതു കാണാം. ചെറിയ വള്ളങ്ങളിലുള്ള കടകളിൽനിന്ന് തനതുവസ്തുക്കൾ വാങ്ങാനും കഴിയും.
മന്ത്രി പാതിരാമണൽ ദ്വീപ് സന്ദർശിച്ചു
പദ്ധതി തുടങ്ങുന്നതോടെ കൂടുതൽ സഞ്ചാരികൾ പാതിരാമണൽ ദ്വീപിലേക്കെത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ പറഞ്ഞു. കുട്ടനാട് സഫാരി ആരംഭിക്കുന്നതിനു മുന്നോടിയായി ദ്വീപ് സന്ദർശിക്കുകയായിരുന്നു അദ്ദേഹം. അടുത്ത നിയമസഭാ സമ്മേളനത്തിനു മുന്നോടിയായി പദ്ധതി യാഥാർഥ്യമാക്കാനുള്ള ശ്രമത്തിലാണ്.
തിയേറ്ററിന്റെ സ്പോൺസർഷിപ്പിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും അതിനായി പ്രൊപ്പോസൽ കൈമാറിയതായും അദ്ദേഹം പറഞ്ഞു.ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ, മുഹമ്മ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്വപ്നാ ഷാബു, വൈസ് പ്രസിഡന്റ് എൻ.ടി. റെജി തുടങ്ങിയവരും ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.