ഏകീകൃത ഗൾഫ് ടൂറിസ്റ്റ് വിസ ഉടൻ; ആറുരാജ്യങ്ങൾ സന്ദർശിക്കാം

Share our post

അബുദാബി: ഒറ്റ ടൂറിസ്റ്റ് വിസയിൽ ആറു ഗൾഫ് രാജ്യങ്ങൾ സന്ദർശിക്കാവുന്ന ‘ഗൾഫ് ഗ്രാൻഡ് ടൂർസ്’ എന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടൻ യാഥാർഥ്യമാകും. മൂന്നുമാസമായിരിക്കും വിസയുടെ കാലാവധിയെന്ന് ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) ജനറൽ സെക്രട്ടറി ജാസിം മുഹമ്മദ് അൽ ബുദയ്‌വി അറിയിച്ചു. യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ, ഖത്തർ, കുവൈത്ത് എന്നീരാജ്യങ്ങളാണ് സന്ദർശിക്കാനാവുക. ഇവിടങ്ങളിെല ഇമിഗ്രേഷൻ വിഭാഗങ്ങളെല്ലാംചേർന്ന് പുതിയവിസ അവതരിപ്പിക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. റിയാദിൽനടന്ന ജിസിസി രാജ്യങ്ങളുടെ ഇമിഗ്രേഷൻ ഡയറക്ടർ ജനറൽമാരുടെ യോഗത്തിലെ പ്രധാന അജൻഡ ഏകീകൃത ടൂറിസ്റ്റ് വിസ ആയിരുന്നു. ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക, രാഷ്ട്രീയബന്ധം കൂടുതൽ ശക്തമാക്കാൻ പുതിയ വിസയിലൂടെ കഴിയുമെന്നാണ് വിലയിരുത്തൽ. എല്ലാ മേഖലകളിലും വൻകുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്.
മറ്റുനടപടിക്രമങ്ങളെല്ലാം കഴിഞ്ഞ് ആഭ്യന്തരമന്ത്രാലയത്തിന്റെ പരിശോധനയിലാണ് പദ്ധതിയെന്ന് കഴിഞ്ഞദിവസം യുഎഇ സാമ്പത്തികമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മാരി അറിയിച്ചിരുന്നു. ഇതുകൂടി പൂർത്തിയാകുന്നതോടെ വിസ പുറത്തിറക്കും.

ഏകീകൃതവിസ നിലവിൽവരുന്നതോടെ ഓരോ രാജ്യം സന്ദർശിക്കാനും പ്രത്യേക വിസ എടുക്കുന്ന നിലവിലെ രീതി ഒഴിവാകും. ഗൾഫിലെ വിനോദസഞ്ചാര, വാണിജ്യ, വ്യാപാര, സാമ്പത്തിക മേഖലകൾക്ക് പുതിയ വിസാസമ്പ്രദായം കരുത്തേകും. വിവിധരാജ്യങ്ങളിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ കോർത്തിണക്കിയുള്ള പുതിയ ടൂറിസം പാക്കേജുകൾ തയ്യാറാക്കുന്ന നടപടികൾ ട്രാവൽ, ടൂറിസം കമ്പനികൾ ഊർജിതമാക്കിയിട്ടുണ്ട്. വിസ പ്രാബല്യത്തിലാകുന്നതോടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. 2023 നവംബറിൽ അംഗീകാരം ലഭിച്ച ഏകീകൃത വിസാ സംരംഭത്തിൽ ഏറെ പ്രതീക്ഷയിലാണ് ഗൾഫ് രാജ്യങ്ങൾ. വിസ പ്രാബല്യത്തിലാകുന്ന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!