സൈബർ തട്ടിപ്പ് അഞ്ചുപേർക്ക് പണം നഷ്ടമായി

കണ്ണൂർ: ജില്ലയിൽ വിവിധയിടങ്ങളിലായി നടന്ന സൈബർ തട്ടിപ്പിൽ അഞ്ചുപേർക്ക് പണം നഷ്ടമായി. ട്രേഡിങ്, ഓൺലൈൻ ജോലി വാഗ്ദാനം, പർച്ചേസിങ് എന്നിവയിലൂടെയാണ് തട്ടിപ്പിനിരയായത്. ടെലഗ്രാംവഴി ലഭിച്ച നിർദേശത്തിൽ ട്രേഡിങ് നടത്താൻ വിവിധ അക്കൗണ്ടിലേക്ക് പണം നൽകിയ കണ്ണൂർ സിറ്റി സ്വദേശിക്ക് 3,71,087 -രൂപയും വളപട്ടണം സ്വദേശിക്ക് 1,04,000 രൂപയും നഷ്ടപ്പെട്ടു. ഇൻസ്റ്റഗ്രാം പരസ്യംകണ്ട് ടെലഗ്രാംവഴി പാർട്ട് ടൈം ജോലി ലഭിക്കാൻ പണം നൽകിയ കതിരൂർ സ്വദേശിനിക്ക് 3,56,700 -രൂപ നഷ്ടപ്പെട്ടു. മറ്റൊരാൾക്ക് 61,200- രൂപയും. തട്ടിപ്പുകാരുടെ നിർദേശപ്രകാരം വിവിധ ടാസ്കുകൾക്കായി അക്കൗണ്ടുകളിലേക്ക് പണം നൽകുകയായിരുന്നു. ഇന്ത്യമാർട്ട് വെബ്സൈറ്റ്വഴി വസ്ത്രം ഓർഡർചെയ്ത ധർമടം സ്വദേശിക്ക് 3,200 രൂപ നഷ്ടപ്പെട്ടെന്നാണ് പരാതി.