ദേശീയ പഠനനേട്ട സർവേ, തിളക്കത്തോടെ കേരളം

തിരുവനന്തപുരം: രാജ്യത്തെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ നിലവാരമളക്കുന്ന ദേശീയ പഠനനേട്ട സർവേ(നാസ്)യിൽ തിളക്കത്തോടെ കേരളം. 2024-ലെ സർവേയിൽ 65.33 പോയിന്റ് നേടി ദേശീയതലത്തിൽ രണ്ടാംസ്ഥാനത്താണ് സംസ്ഥാനം. 2021-ലെ സർവേയിൽ 16-ാം സ്ഥാനമായിരുന്നു കേരളത്തിന്. 68 പോയിന്റ് നേടിയ പഞ്ചാബിനാണ് ഇത്തവണ ഒന്നാംസ്ഥാനം.എൻസിഇആർടി സിലബസ് പിന്തുടരുന്ന സംസ്ഥാനങ്ങളോടു മത്സരിച്ചാണ് കേരളത്തിന്റെ നേട്ടം. 2024-ലെ സർവേയിൽ ദേശീയതലത്തിൽ 74,000 സ്കൂളുകളിൽനിന്നുള്ള 21.15 ലക്ഷം കുട്ടികളുടെ പഠനനിലവാരം പരിശോധിച്ചു. കേരളത്തിൽ 1644 സ്കൂളിൽ നിന്നായി 46,737 കുട്ടികൾ പങ്കെടുത്തു. മൂന്ന്, ആറ്, ഒൻപത് ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസരപഠനം, സാമൂഹികശാസ്ത്രം എന്നീ വിഷയങ്ങളിലായിരുന്നു സർവേ. ആറാംക്ലാസിലെ പഠനനിലവാരത്തിൽ രാജ്യത്ത് ഒന്നാമതാണ് കേരളം.
മികവിന്റെ പ്രതിഫലനം- മന്ത്രി വി. ശിവന്‍കുട്ടി
പൊതുവിദ്യാഭ്യാസ രംഗത്തെ മികവിന്റെ പ്രതിഫലനമാണ് നാസ് സര്‍വേ നേട്ടം. പൊതുവിദ്യാലയങ്ങളെ കൂടുതല്‍ ആകര്‍ഷകവും പഠനസൗഹൃദവുമാക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇത് ഊര്‍ജമാകും.