ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം

കണ്ണൂർ: ആരോഗ്യ വകുപ്പ്മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് നടത്തിയ മാർച്ച് സംഘർഷഭരിതം. പ്രവർത്തകരും പോലീസും തമ്മിൽ ഏറ്റുമുട്ടി. യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡൻ്റ് പ്രജീഷ് കൃഷ്ണന് സംഘർഷത്തിനിടെ പരിക്കേറ്റു. ഓഫീസ് ഗേറ്റ് തള്ളി തുറക്കാൻ ശ്രമിച്ച പ്രവർത്തകർക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. നിരവധി പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു മാറ്റി. മാർച്ചിനിടെ ഏതാനും പ്രവർത്തകർ ഗേറ്റ് മറികടന്ന് അകത്തേക്ക് കയറി. ഗേറ്റിനു മുകളിൽ വാഴ നാട്ടാൻ ശ്രമിച്ച പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി. മാർച്ചിനു ശേഷം പ്രവർത്തകർ പള്ളിക്കുന്നിൽ ദേശീയപാത ഉപരോധിച്ചു. കേരളത്തിലെ ആരോഗ്യ മേഖല വെന്റിലേറ്ററിൽ എന്ന മുദ്രാവാക്യമുയർത്തി മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നടത്തിയ മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ അധ്യക്ഷനായി.