കൊട്ടിയൂർ വൈശാഖോത്സവം സമാപിച്ചു; ശനിയാഴ്ച വറ്റടി

Share our post

കൊട്ടിയൂർ:വൈശാഖോത്സവത്തിന് സമാപനമായി.വെള്ളിയാഴ്ച
രാവിലെ ചോതി വിളക്കിലെ നാളം തേങ്ങാമുറികളിലേക്ക് പകർന്നതോടെ തൃക്കലശാട്ട ചടങ്ങുകൾക്ക് ആരംഭമായി. ശ്രീകോവിൽ പിഴുത് തിരുവൻചിറയിൽ നിക്ഷേപിച്ചു. കലശമണ്ഡപത്തിൽ നിന്ന് മണിത്തറയിലേക്ക് തിരുവൻചിറ മുറിച്ചുള്ള പാത ഓടകൾ കൊണ്ട് പ്രത്യേകമായി വേർതിരിച്ചു.തുടർന്ന് പ്രധാന തന്ത്രിമാർ സ്വർണം,വെള്ളി കുംഭങ്ങളിൽ പൂജിച്ച് വെച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് സ്ഥാനികരോടപ്പം മണിത്തറയിൽ പ്രവേശിച്ച് എല്ലാ ബ്രാഹ്മണരുടെയും അടിയന്തര യോഗക്കാരുടെയും സാന്നിധ്യത്തിൽ കളഭം സ്വയംഭൂവിൽ അഭിഷേകം ചെയ്തു.അഭിഷേകത്തിനുശേഷം മുഴുവൻ ബ്രാഹ്മണരും ചേർന്ന്് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും സ്വയംഭൂവിൽ സമർപ്പിച്ചു.പുഷ്പാഞ്ജലി കഴിഞ്ഞ് തീർത്ഥവും പ്രസാദവും ഭക്തർക്ക് നൽകുന്നതോടപ്പം ആടിയ കളഭവും നൽകി.തുടർന്ന് കുടിപതികൾ തിടപ്പള്ളിയിൽ കയറി നിവേദ്യചേറും കടുംപായസവും അടങ്ങുന്ന മുളക്,ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങ് നടത്തി.തുടർ്ന്ന മുതിരേരിക്കാവിലേക്ക് ആദിപരാശക്തിയുടെ വാൾ തിരിച്ചെഴുള്ളിച്ചു.അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തി.ഭണ്ഡാരം ഇക്കരെക്ക് തിരിച്ചെഴുന്നള്ളിച്ചശേഷം സന്നിധാനത്ത് നിന്ന് എല്ലാവരെയും തിരിച്ചയച്ചതിനുശേഷം പ്രധാനതന്ത്രിയുടെ നേതൃത്വത്തിൽ യാത്രബലി നടത്തി.ഓച്ചറും പന്തക്കിടാവും തന്ത്രിയെ അനുഗമിച്ചു.പാമ്പറപ്പാൻ തോട് വരെ നിശ്ചിത സ്ഥാനങ്ങളിൽ ഹവിസ് തൂവി കർമ്മങ്ങൾ നടത്തിയശേഷം തട്ട് പന്തക്കിടാവിന് കൈമാറി തിരിഞ്ഞു നോക്കാതെ തന്ത്രി കൊട്ടിയൂരിൽ നിന്ന് പടിഞ്ഞാറേക്ക് നടുന്ന പോയതോടെ വൈശാഖോത്സവം സമാപിച്ചു.ബലിബിംബങ്ങൾ ഇക്കരെ ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ച് നിത്യപൂജകൾക്ക് തുടക്കമായി.ഭണ്ഡാരവും ചപ്പാരം വാളുകളും മണത്തണയിലേക്ക് തിരിച്ചെഴുന്നള്ളിച്ചു. ശനിയാഴ്ച വറ്റടി നടക്കും.ജന്മശാന്തി പടിഞ്ഞീറ്റയും ഉഷകാമ്പ്രവും അക്കരെയിൽ എത്തി സ്വയംഭൂവിനെ അഷ്ടബന്ധം കൊണ്ട് ആവരണം ചെയ്ത് ഒരു ചെമ്പ് ചോറ് നിവേദിച്ചശേഷം മടങ്ങും.ഇനി അക്കരെ സന്നിധാനം 11 മാസക്കാലം നിശ്ബ്ദദയിൽ അമരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!