സ്വകാര്യ ബസുകളിൽ മുതിർന്നവർക്ക് സീറ്റ് സംവരണം വർധിപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ

Share our post

കോഴിക്കോട്: സ്വകാര്യ ബസുകളിൽ മുതിർന്ന പൗരൻമാർക്കുള്ള സീറ്റ് സംവരണം വർധിപ്പിക്കുന്നതിന് ട്രാൻസ്പോർട്ട് കമ്മീഷണർ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ്. സ്വകാര്യ ബസുകളിൽ യാത്ര ചെയ്യുന്ന മുതിർന്ന പൗരൻമാരുടെ അസൗകര്യങ്ങൾ കമ്മീഷന് ബോധ്യമുള്ളതാണെന്ന് ഉത്തരവിൽ പറയുന്നു. സ്വകാര്യ ബസുകൾ മുതിർന്ന പൗരൻമാർക്ക് മുന്തിയ പരിഗണന നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ചവിട്ടുപടികളുടെ ഉയരം അനുവദനീയമായ അളവിലാവണം. ബസിലെ ജീവനക്കാർ മുതിർന്നവരോട് സൗഹ്യദ മനോഭാവം കാണിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഉത്തരവ് കൈപ്പറ്റി രണ്ടു മാസത്തിനകം സ്വീകരിച്ച നടപടികൾ ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിക്കണം.പെരുമണ്ണ – പുത്തൂർമഠം – പന്തീരങ്കാവ് – മാനാഞ്ചിറ ബസിൽ യാത്ര ചെയ്യുന്ന മാത്തറ സ്വദേശി കെ. ബാലകൃഷ്ണൻ സമർപ്പിച്ച പരാതിയിലാണ് നടപടി. മുതിർന്ന പൗരൻമാർക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകൾ ഇളക്കി മാറ്റിയെന്നാണ് പരാതി. തിരക്ക് കുറവുള്ള സമയങ്ങളിൽ മുതിർന്ന പൗരൻമാരുടെ സീറ്റിൽ മറ്റുള്ളവർ യാത്ര ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ കമ്മീഷനെ അറിയിച്ചു. മുതിർന്നവരുടെ യാത്രാവകാശങ്ങളെ കുറിച്ച് ഡ്രൈവർമാർക്ക് ബോധവൽക്കരണം നൽകിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!