ജൂലായ് 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Share our post

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കാത്ത സാഹചര്യത്തിൽ ജൂലായ് 22 മുതല്‍ സ്വകാര്യബസുകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ജൂലായ് എട്ടിന് സംസ്ഥാന വ്യാപകമായി സൂചനാപണിമുടക്കും നടത്താന്‍ ബസ്സുടമകളുടെ സംഘടനകളുടെ കൂട്ടായ്മയായ ബസ്സുടമ സംയുക്തസമിതി തീരുമാനിച്ചു. നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് അനിശ്ചിത കാല സമരത്തിലേക്ക് നീങ്ങുന്നതെന്ന് ബസ്സുടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കുക, തൊഴിലാളികള്‍ക്ക് പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കുക, ഇ ചലാന്‍ വഴി അമിതപിഴ ചുമത്തുന്നത് അവസാനിപ്പിക്കുക, പെര്‍മിറ്റുകള്‍ യഥാസമയം പുതുക്കി നല്‍കുക, വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഗതാഗതവകുപ്പിന്റെ അശാസ്ത്രീയനയം കാരണം പതിനഞ്ചു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 34,000 സ്വകാര്യബസുകള്‍ ഉണ്ടായിരുന്നത് നിലവില്‍ 8000 ത്തില്‍ താഴെയായി ചുരുങ്ങിയെന്നും ബസ്സുടമകള്‍ ആരോപിച്ചു. സമിതി ജില്ലാ ചെയര്‍മാന്‍ കെ.ടി. വാസുദേവന്‍ അധ്യക്ഷനായി. കണ്‍വീനര്‍ രാധാകൃഷ്ണന്‍, ട്രഷറര്‍ ടി.കെ. ബീരാന്‍കോയ, വൈസ് പ്രസിഡന്റ് എം. തുളസീദാസ്, സംയുക്തസമിതി നേതാക്കളായഇ. റിനിഷ്, എം.എസ്. സാജു, സി.കെ. അബ്ദുറഹിമാന്‍, എന്‍.വി. അബ്ദുല്‍ സത്താര്‍, രഞ്ജിത്ത് സൗപര്‍ണിക, ബാബു യുണൈറ്റഡ്, മനോജ് കൊയിലാണ്ടി, പ്രദീപന്‍, ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!