കൊട്ടിയൂർ വൈശാഖോത്സവം;തൃക്കലശാട്ടം നാളെ

Share our post

കൊട്ടിയൂർ: തൃക്കലശാട്ടത്തോടെ വൈശഖോത്സവം വെള്ളിയാഴ്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ വാകചാർത്തോടെ ചടങ്ങുകൾ ആരംഭിക്കും.തുടർന്ന് തേങ്ങാമുറികളിലേക്ക് നാളം പകർന്ന ശേഷം വിളക്കുകൾ കെടുത്തും.ഇതോടൊപ്പം അക്കരെ സന്നിധാനത്തെ എല്ലാ വിളക്കുകളും അണയ്ക്കും.നമ്പീശൻ,വാരിയർ എന്നിവരുടെ നേതൃത്വത്തിൽ ശ്രീകോവിലിന്റെ നാലു തൂണുകൾ കടപുഴക്കിയെടുത്ത് തിരുവഞ്ചിറയിൽ നിക്ഷേപിക്കും.ഇതോടെ മണിത്തറ തൃക്കലശാട്ടിന് ഒരുങ്ങും.കലശമണ്ഡപത്തിൽ പൂജിച്ച് വെച്ച കളഭകുംഭങ്ങൾ വാദ്യഘോഷങ്ങളോടെ മുഖമണ്ഡപത്തിലേക്ക് എഴുന്നള്ളിച്ച് പ്രധാന തന്ത്രിമാരുടെ കാർമികത്വത്തിൽ സ്വയംഭൂവിൽ ആടും.മുഴുവൻ ബ്രാഹ്മണരും ചേർന്ന് സമൂഹ പുഷ്പാഞ്ജലിയും പ്രധാന തന്ത്രിയുടെ പൂർണ പുഷ്പാഞ്ജലിയും നടക്കും.പുഷ്പാഞ്ജലി കഴിഞ്ഞാൽ തീർത്ഥവും പ്രസാദവും നൽകുന്നതോടപ്പം ആടിയ കളഭവും നൽകും.ഒരു ചെമ്പ് നിവേദ്യച്ചോറും കടുംപായസവും തിടപ്പള്ളിയിൽ ഇരുന്ന് കുടിപതികൾ കഴിക്കും.മുളക്,ഉപ്പ് എന്നിവ മാത്രം ചേർത്ത് കഴിക്കുന്ന തണ്ടുമ്മൽ ഊണ് എന്ന ചടങ്ങാണ്.കൂത്തരങ്ങിൽ വെച്ച് ഭണ്ഡാരം തിരിച്ചെഴുള്ളത്തിനുള്ള ഏറ്റുവാങ്ങൽ നടത്തും.

തുടർന്ന് അമ്മാറക്കൽ തറയിൽ തൃച്ചന്ദനപ്പൊടി അഭിഷേകം നടത്തും.അതിനുശേഷം ആചാര്യൻമാരിൽ ഒരാൾ യാത്രബലി നടത്തും.യാത്രബലിക്ക് മുൻപ് തന്ത്രിയും പരികർമിയും ഓച്ചറും പന്തക്കിടാങ്ങളും അല്ലാതെ ബാക്കിയെല്ലാവരും അക്കരെ സന്നിധാനത്തിൽ നിന്ന് പുറത്ത് കടക്കും.ഭണ്ഡാരങ്ങളും വാളുകളും ആദ്യം ഇക്കരെക്ക് കടക്കും.തുടർന്ന് മണത്തണ കരിമ്പന ഗോപുരത്തിലേക്ക് എഴുന്നള്ളിക്കും. അത്തം നാളിൽ വാളാട്ടം,കുടിപതികളുടെ തേങ്ങയേറ്,പായസ നിവേദ്യം,കൂത്ത് സമർപ്പണം എന്നിവ നടന്നു.അത്തം നാളിൽ പന്തീരടിക്ക് അവസാനത്തെ ശീവേലിയും നടന്നു.ശീവേലി സമയത്ത് ചപ്പാരം ക്ഷേത്രത്തിലെ മൂന്ന് വാളുകളും എഴുന്നള്ളിച്ച് ഏഴില്ലക്കാരായ വാളശ്ശൻമാർ വാളാട്ടം നടത്തി.തിടമ്പുകൾ വഹിക്കുന്ന ബ്രാഹ്മണർക്കഭിമുഖമായി മൂന്ന് പ്രദക്ഷിണം വെയ്ച്ചു.തിടമ്പുകളിൽ നിന്നും ദേവചൈതന്യം വാളുകളിലേക്ക് ആവാഹിക്കപ്പെടുമെന്നാണ് വിശ്വാസം.തുടർന്ന് കുടിപതികൾ പൂവറക്കും അമ്മാറക്കൽ തറയ്ക്കും മദ്ധ്യേയുള്ള സ്ഥാനത്ത് കുടിപതികളുടെ നേതൃത്വത്തിൽ തേങ്ങയേറ് നടത്തി.നാലാമത് വലിയവട്ടളം പായസം ഭഗവാന് നിവേദിച്ചു.തുടർന്ന് കൂത്ത് സമർപ്പണവും നടന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!