സപ്ലൈകോ സബ്സിഡി അരിയുടെ അളവ് കൂട്ടി; ജൂലൈ മുതല്‍ എട്ടു കിലോ അരി വീതം

Share our post

തിരുവനന്തപുരം: സപ്ലൈകോ സബ്സിഡി ഇനത്തില്‍ നല്‍കിവരുന്ന ശബരി കെ – റൈസിന്റെ അളവ് കൂട്ടി. ജൂലൈ മുതല്‍ ഓരോ കാർഡ് ഉടമയ്ക്കും എട്ടു കിലോ അരി വീതം ലഭിക്കും. കെ റൈസും പച്ചരിയും അടക്കം 10 കിലോ ഓരോ കാർഡ് ഉടമയ്ക്കും പ്രതിമാസം ലഭിക്കും. ഓരോ മാസവും രണ്ടു തവണയായാണ് ഇത് വിതരണം ചെയ്യുക. കെ – റൈസ് പരമാവധി അഞ്ച് കിലോഗ്രാമും ബാക്കി പച്ചരിയുമാണ് സബ്സിഡിയായി ലഭിക്കുന്ന 10 കിലോയിൽ നേരത്തെ ഉൾപ്പെടുത്തിയിരുന്നത്. അതേസമയം, ഇത്തവണ ഓണത്തോട് അനുബന്ധിച്ച് സംസ്ഥാനത്ത് പ്രത്യേക അരിവിഹിതം അനുവദിക്കണമെന്ന ആവശ്യം കേന്ദ്രം തള്ളിയതായി ഭക്ഷ്യ വിഭവ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. കാര്‍ഡ് ഒന്നിന് അഞ്ച് കിലോ വീതം അരി നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നിര്‍ത്തലാക്കിയ ഗോതമ്പ് വിഹിതം പുനഃസ്ഥാപിക്കാനും കഴിയില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഡല്‍ഹിയില്‍ കേന്ദ്ര മന്ത്രിയെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജി ആർ അനിൽ.

‘ഓണത്തോടനുബന്ധിച്ച് കേരളത്തിന് അധികമായി അരിയും ഗോതമ്പും അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് നിവേദനം നല്‍കാനാണ് ഡല്‍ഹിയിലെത്തിയത്. മുന്‍കാലസര്‍ക്കാരുകള്‍ ഓണനാളിലും ഉത്സവ നാളുകളിലും അധികധാന്യം നല്‍കുന്ന രീതിയുണ്ടായിരുന്നു.എന്നാല്‍ എന്‍എഫ്എസ്എ ( ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം) വന്നതോട് കൂടി ആ സാധ്യത ഇല്ലാതാക്കി. ഓണത്തിന് കാര്‍ഡ് ഒന്നിന് അഞ്ച് കിലോ അരി വീതം അധികമായി കൊടുക്കാനായിരുന്നു ആവശ്യപ്പെട്ടത്. നിര്‍ത്തലാക്കിയ ഗോതമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് കാര്യത്തിനും ഇപ്പോള്‍ പരിഗണിക്കാന്‍ കഴിയില്ലെന്നാണ് കേന്ദ്ര മന്ത്രി പറഞ്ഞത്’ ജി.ആര്‍.അനില്‍ പറഞ്ഞു. 2025-26 ഒന്നാം പാദത്തിലെ മണ്ണെണ്ണ അലോട്ട്‌മെന്റ് വിതരണത്തിനായി എടുക്കാന്‍ ജൂണ്‍ 30 വരെ നല്‍കിയ സമയപരിധി സെപ്റ്റംബര്‍ 30 വരെ ദീര്‍ഘിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നല്‍കിയെന്നും അനുകൂലമായി പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പു നല്‍കിയതായും മന്ത്രി അനില്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!