വയനാട് ചൂരല്‍മലയിലെ പ്രതിഷേധം: ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു

മേപ്പാടി(വയനാട്): മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പ്രദേശത്തെ മൂന്നു വാര്‍ഡുകളിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ദിനബത്ത നല്‍കണമെന്നാവശ്യപ്പെട്ട് 25-ന് പ്രതിഷേധിച്ച സംഭവത്തില്‍ തിങ്കളാഴ്ച ആറുപേരെ മേപ്പാടി പോലീസ് അറസ്റ്റുചെയ്തു. ചൂരല്‍മല സ്വദേശികളായ നിഷാദ് കൈപ്പള്ളി, ശിഹാബ് നെല്ലിമുണ്ട, സലാം ചിങ്കിലി, ജമാലുദ്ദീന്‍, അബ്ദുള്‍ നാസര്‍, മോഹനന്‍ എന്നിവരാണ് അറസ്റ്റിലായത്. സ്ഥലത്തെത്തിയ വെള്ളാര്‍മല വില്ലേജ് ഓഫീസറെ കൈയേറ്റംചെയ്തതിനും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കിയതിനും ഇവരുടെപേരില്‍ 26-നാണ് കേസെടുത്തിരുന്നത്. വില്ലേജ് ഓഫീസറുടെ പരാതിയിലായിരുന്നു പോലീസ് നടപടി. തിങ്കളാഴ്ച വൈകീട്ടോടെ കല്പറ്റ കോടതിയില്‍ ഹാജരാക്കിയ ആറുപേരെയും ഉപാധികളോടെ ജാമ്യത്തില്‍ വിട്ടു.അതിശക്തമായ മഴയെത്തുടര്‍ന്ന് ജൂണ്‍ 25-ന് പുന്നപ്പുഴയില്‍ കുത്തൊഴുക്കുണ്ടായപ്പോള്‍ ദുരന്തപ്രദേശത്ത് മുന്നറിയിപ്പ് നല്‍കുന്നതിലും ദിനബത്ത വിതരണത്തിലും വീഴ്ചയുണ്ടെന്നാരോപിച്ചായിരുന്നു നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് പ്രതിഷേധിച്ചത്.
വിധി കള്ളക്കേസിനുള്ള തിരിച്ചടി -യൂത്ത് ലീഗ്
അറസ്റ്റിലായവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചത് പോലീസിനുള്ള തിരിച്ചടിയാണെന്ന് യൂത്ത് ലീഗ്. യൂത്ത് ലീഗ് കല്പറ്റ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് അടക്കമാണ് അറസ്റ്റിലായത്. ജില്ലാപ്രസിഡന്റ് എം.പി. നവാസ്, ജനറല്‍ സെക്രട്ടറി സി.എച്ച്. ഫസല്‍ എന്നിവര്‍ സംസാരിച്ചു.