കുട്ടികളുടെ പണമിടപാടുകള്‍ക്കായി കിടിലം ഫീച്ചര്‍; രക്ഷിതാക്കള്‍ക്കായി യു.പി.ഐ സര്‍ക്കിള്‍ ഫീച്ചര്‍

ഇന്ത്യയുടെ സ്വന്തം ഡിജിറ്റല്‍ പേമെന്റ് സംവിധാനമായ യുപിഐ അതിവേഗം പരിണമിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ ഏറെ കാലമായി രാജ്യത്തെ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നൊരു ഫീച്ചര്‍ അവതിരിപ്പിച്ചിരിക്കുകയാണ് യുപിഐ. പ്രായപൂര്‍ത്തിയാകാത്ത, ബാങ്ക് അക്കൗണ്ടില്ലാത്ത കുട്ടികള്‍ക്കും ഇനി യുപിഐ ഇടപാടുകള്‍ നടത്താനാവും. യുപിഐ സര്‍ക്കിള്‍ സേവനത്തിന്റെ സഹായത്തോടെയാണ് ഇത് സാധ്യമാവുക.
എന്താണ് യു.പി.ഐ സര്‍ക്കിള്‍
ഗൂഗിള്‍ പേ, ഭീം പോലുള്ള ആപ്പുകളില്‍ ലഭ്യമായ ഡെലിഗേറ്റഡ് പേമെന്റ് ഫീച്ചറാണ് യുപിഐ സര്‍ക്കിള്‍. ഇതുവഴി ഒരു പ്രൈമറി ഉപഭോക്താവിന് (രക്ഷിതാവ് ) അയാളുടെ ബാങ്ക് അക്കൗണ്ടിനെ മറ്റൊരു സെക്കന്‍ഡറി ഉപഭോക്താവുമായി ബന്ധിപ്പിക്കാനാവും. സെക്കന്‍ഡറി ഉപഭോക്താവ് കുട്ടികളാണെങ്കില്‍ അവര്‍ക്ക് അവരുടെ ഫോണിലെ ആപ്പില്‍ നിന്ന് രക്ഷിതാവിന്റെ അക്കൗണ്ടിലെ പണം ഉപയോഗിച്ച് യുപിഐ ഇടപാട് നടത്താനാവും.
സെക്കണ്ടറി ഉപഭോക്താവ് നിയന്ത്രണമില്ലാതെ പണം ചിലവാക്കുമെന്ന പേടിവേണ്ട! ആവശ്യമെങ്കില്‍ സെക്കന്‍ഡറി ഉപഭോക്താവിന് നടത്താവുന്ന ഇടപാടിന് പരിധി നിശ്ചയിക്കാനും പ്രൈമറി ഉപഭോക്താവിന്റെ അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും.
ഇടപാടുകള്‍ നിങ്ങളുടെ യുപിഐ ഐഡിയിലൂടെയാണ് നടക്കുക. എന്നാല്‍ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കോ യുപിഐ പിന്നോ സെക്കണ്ടറി ഉപഭോക്താവിന് ലഭിക്കുകയുമില്ല. ദിവസേന ചിലവാക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനും ഓരോ ഇടപാടും പ്രത്യേകം അനുമതി നിര്‍ബന്ധമാക്കാനും സാധിക്കും.
യു.പി.ഐ സര്‍ക്കിള്‍ എങ്ങനെ സെറ്റ് ചെയ്യാം
ഗൂഗിള്‍ പേ അല്ലെങ്കില്‍ ഭീം ആപ്പ് തുറക്കുക, പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക
താഴേക്ക് സ്‌ക്രോള്‍ ചെയ്താല്‍ യുപിഐ സര്‍ക്കിള്‍ ഓപ്ഷന്‍ കാണാം
യുപിഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്ത് ആഡ് ഫാമിലി ഓര്‍ ഫ്രണ്ട്‌സ് എന്നത് ടാപ്പ് ചെയ്യുക.
അവരുടെ യുപിഐ ഐഡി നല്‍കുക. അവരുടെ യുപിഐ സര്‍ക്കിള്‍ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താലും അക്കൗണ്ടുകള്‍ ബന്ധിപ്പിക്കാം.
ശേഷം ആഡ് റ്റു മൈ യുപിഐ സര്‍ക്കിള്‍ ക്ലിക്ക് ചെയ്യുക
ശേഷം സ്‌പെന്റ് ലിമിറ്റ് (ചിലവാക്കുന്ന പണത്തിന് പരിധി) നിശ്ചയിക്കാം. ഒപ്പം അപ്രൂവ് എവരി പേമെന്റ് എന്നതും തിരഞ്ഞെടുക്കാം.
ഒടുവില്‍ നിങ്ങളുടെ യുപിഐ പിന്‍ എന്റര്‍ ചെയ്താല്‍ സെക്കന്‍ഡറി യൂസര്‍ ചേര്‍ക്കാം.
15 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ചില ബാങ്കുകള്‍ അക്കൗണ്ടുകള്‍ അനുവദിക്കാറില്ല