ചെറുവാഞ്ചേരിയിൽ വീട്ടിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

കണ്ണൂർ: കണ്ണൂർ ചെറുവാഞ്ചേരിയിലെ വീട്ടിൽ നിന്നും രാജവെമ്പാലയെ പിടികൂടി. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. വീട്ടിലെ ചെറിയ കുട്ടിയുടെ കളിപ്പാട്ടത്തിനടിയിലായിരുന്നു രാജവെമ്പാല ഉണ്ടായിരുന്നത്. ഇലക്ട്രോണിക് ടോയ് കാറിന്റെ അടിയിൽ പാമ്പിനെ കണ്ടതിന് പിന്നാലെ വീട്ടുകാർ ഉടൻ തന്നെ പാമ്പ് പിടിത്തക്കാരെ വിവരമറയിച്ചു. സ്ഥലത്തെത്തിയ പാമ്പ് പിടിത്തക്കാർ ഏറെ നേരം നീണ്ട പരിശ്രമത്തിനൊടുവിലാണ് പാമ്പിനെ പിടികൂടിയത്. തക്കസമയത്ത് പാമ്പിനെ കണ്ടതിനാൽ പിടികൂടാനായെന്നും വലിയൊരു അപകടത്തിൽ നിന്നാണ് രക്ഷപെട്ടതെന്നും പറയുകയാണ് ശ്രീജിത്തും കുടുംബവും.