കൃഷിക്കുള്ള വൈദ്യുതി വിച്ഛേദിക്കില്ല; പക്ഷേ, 150 കോടി കുടിശ്ശിക വേണമെന്ന് കെ.എസ്.ഇ.ബി

കോട്ടയം: വൈദ്യുതി കുടിശ്ശികയിനത്തിൽ കൃഷിവകുപ്പ് നൽകാനുള്ള 150 കോടി ആവശ്യപ്പെട്ട് കെഎസ്ഇബി വീണ്ടും രംഗത്ത്. പ്രശ്നത്തിന് പരിഹാരംതേടി കൃഷിവകുപ്പ് ധനവകുപ്പിന് കത്ത് നൽകി. പല ജില്ലകളിലും വൈദ്യുതി കുടിശ്ശികയ്ക്ക് പാടശേഖരസമിതികൾക്കും കൃഷിക്കാർക്കും നോട്ടീസ് വന്നതോടെ വിഷയം വീണ്ടും വിവാദമായി. കൃഷി ഒഴികെയുള്ള മറ്റ് വകുപ്പുകളുടെ വൈദ്യുതിബിൽ കുടിശ്ശിക സർക്കാർ തീർത്തിരുന്നു. ഡ്യൂട്ടി ഇനത്തിൽ വൈദ്യുതിബോർഡ് സർക്കാരിലേക്ക് അടയ്ക്കാനുള്ള തുകയ്ക്ക് പകരമായി ഇത് വകകൊള്ളിക്കുകയായിരുന്നു. എന്നാൽ കൃഷിവകുപ്പിന്റേത് മാത്രം ഈ രീതിയിൽ സ്വീകരിച്ചില്ല. ഇതോടെ വൈദ്യുതി കുടിശ്ശിക സംബന്ധിച്ച്, കൃഷിഭവൻ തിരിച്ച് കണക്കെടുത്ത് നോട്ടീസ് നൽകാൻ ബോർഡ് നിർദേശിച്ചു.
കൃഷിക്കാരുടെ സംഘടനകൾ വിഷയം ഉന്നയിച്ചതോടെ കൃഷിവകുപ്പ് ഇടപെട്ടു. വൈദ്യുതി വിച്ഛേദിക്കില്ലെന്ന് ബോർഡ് ഉറപ്പുകൊടുത്തു. മഴക്കാലത്ത് പാടം വറ്റിക്കാനും അടുത്ത കൃഷിയിറക്കാനും സമയമായിരിക്കെ, മോട്ടോർ പ്രവർത്തിപ്പിക്കാനാകാതെവരുന്നത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്ന് കണ്ടാണിത്. കൃഷിവകുപ്പിന്റെ മാത്രമല്ല ബോർഡിന് കിട്ടാനുള്ള മുഴുവൻ കുടിശ്ശികയും ഈടാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് വൈദ്യുതിമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഈ വിഷയത്തിൽ ധനവകുപ്പ് തുടർനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു. കൃഷിക്കുള്ള വൈദ്യുതി വിച്ഛേദിക്കില്ല.2024 ഡിസംബർ വരെയുള്ള ബോർഡിന്റെ കണക്കുപ്രകാരം 2164 കോടി രൂപയാണ് കുടിശ്ശിക. സർക്കാർ വകുപ്പുകൾ നൽകാനുണ്ടായിരുന്നത് 74.94 കോടി രൂപ. കൃഷിവകുപ്പിന്റെ അന്നുള്ള കുടിശ്ശികയ്ക്കൊപ്പം ജനുവരി മുതൽ മേയ് വരെയുള്ള തുകയും ചേർന്നാണ് 150 കോടി എത്തിയത്.