പ്രശസ്ത നടി ഷെഫാലി ജരിവാല അന്തരിച്ചു

മുംബൈ: കാന്താ ലഗാ എന്ന സംഗീത ആൽബത്തിലൂടെ പ്രശസ്തയായ നടി ഷെഫാലി ജരിവാല (42) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്നാണ് റിപ്പോർട്ട്. കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മുംബൈയിലെ ബെല്ലെവ്യൂ മൾട്ടി സ്പെഷ്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെള്ളിയാഴ്ച രാത്രിയാണ് ഷെഫാലിക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ ഭർത്താവും നടനുമായ പരാഗ് ത്യാഗി അവരെ ആശുപത്രിയിൽ എത്തിച്ചു. അവിടെവച്ച് ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഇതിന് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി പുലർച്ചെ 12.30 ഓടെ കൂപ്പർ ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മുംബൈ പോലീസ് രാത്രി വൈകി ഷെഫാലിയുടെ അന്ധേരിയിലെ വസതിയിലെത്തി. ഫോറൻസിക് സംഘവും എത്തി വീട് വിശദമായി പരിശോധിച്ചു. 2002-ൽ കാന്താ ലഗാ എന്ന മ്യൂസിക് വീഡിയോയിലൂടെയാണ് ഷെഫാലി ജരിവാല പ്രശസ്തയായത്. പിന്നീട് സൽമാൻ ഖാൻ ചിത്രമായ ‘മുജ്‌സെ ഷാദി കരോഗി’യിൽ അഭിനയിച്ചു. കൂടാതെ 2019-ൽ ബേബി കം ന എന്ന വെബ് സീരീസിലും വേഷമിട്ടു. ബൂഗി വൂഗി, നാച്ച് ബലിയേ തുടങ്ങിയ പ്രശസ്തമായ ഡാൻസ് റിയാലിറ്റി ഷോകളിലും അവർ പങ്കെടുത്തു.