ടൗണിലെ ‘നോ പാർക്കിംങ്ങ്’ ബോർഡുകൾ ഉടൻ നീക്കം ചെയ്യണം; ഏകോപന സമിതി

പേരാവൂർ: പാർക്കിംങ്ങ് സൗകര്യങ്ങളില്ലാത്ത പേരാവൂർ ടൗണിൽ വ്യാപാരികൾക്കും ഉപഭോക്താക്കൾക്കും ദുരിതം തീർക്കുന്ന നോ പാർക്കിംങ്ങ് ബോർഡുകൾ ഉടൻ നീക്കം ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഇടുങ്ങിയ റോഡുകളുള്ള പേരാവൂർ ടൗണിലുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പഴി കേൾക്കേണ്ടി വരുന്നത് വ്യാപാരികളാണ്. ഏതെങ്കിലും കടയുടെ മുന്നിൽ വാഹനം നിർത്തി സാധനങ്ങൾ വാങ്ങുന്നവർക്ക് പോലീസ് ഫൈനടിക്കുന്നത് പതിവാണ്.
നോ പാർക്കിംങ്ങ് ബോർഡ് കാണുന്ന ഭൂരിഭാഗം ഉപഭോക്താക്കളും പേരാവൂർ ടൗൺ ഒഴിവാക്കി സമീപ ടൗണുകളാശ്രയിക്കുന്നു. ഇടുങ്ങിയ റോഡുകളും പാർക്കിംങ്ങിന് സ്ഥലമില്ലാത്തതും വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ടൗണിലെ വ്യാപാരം പഴയ രീതിയിലാവാൻ അനധികൃതമായും അശാസ്ത്രീയമായും സ്ഥാപിച്ച മുഴുവൻ നോ പാർക്കിംങ്ങ് ബോർഡുകളും ഉടൻ നീക്കണമെന്ന് ഏകോപന സമിതി പേരാവൂർ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് കെ.കെ.രാമചന്ദ്രൻ , ജനറൽ സെക്രട്ടറി എസ്.ബഷീർ, ഖജാൻജി സുനിത്ത് ഫിലിപ്പ്, മേഖലാ സെക്രട്ടറി പി.സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.