ആപ്പിലൂടെ വൈദ്യുതി വിൽക്കാം,വാങ്ങാം; ഉത്പാദകന് മെച്ചം

തിരുവനന്തപുരം: സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ആപ്പുകളിലൂടെ ഭക്ഷണം വിൽക്കുന്നതുപോലെ വീടുകളിൽനിന്നും വാണിജ്യാടിസ്ഥാനത്തിലുള്ള സോളാർ നിലയങ്ങളിൽനിന്നും ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും വിൽക്കാനാവുന്ന കാലം വിദൂരമല്ല. പുനരുപയോഗ വൈദ്യുതിസ്രോതസ്സുകൾ സംബന്ധിച്ച പുതിയ ചട്ടങ്ങളുടെ കരടിൽ സംസ്ഥാന റെഗുലേറ്ററി കമ്മിഷൻ ഇതിനും വ്യവസ്ഥ വെച്ചിട്ടുണ്ട്.പുതിയ ചട്ടങ്ങളിൽ വ്യക്തികൾ തമ്മിൽ വൈദ്യുതിക്കച്ചവടം അനുവദിക്കുന്നുണ്ട്. ഇത് ഡിജിറ്റൽ പ്ലാറ്റ്ഫോമിലൂടെയുമാകാം. ഇതിനുള്ള പ്ലാറ്റ്ഫോം ഏതെങ്കിലും സംരംഭകർ വികസിപ്പിക്കാൻ തയ്യാറായാൽ ആപ്പിലൂടെയുള്ള കച്ചവടം യാഥാർഥ്യമാകും. ഭാവിയിൽ ഇതിനായി സംരംഭകരും സ്റ്റാർട്ടപ്പുകളും മുന്നോട്ടുവരുമെന്ന പ്രതീക്ഷയിലാണ് കമ്മിഷൻ. കെഎസ്ഇബിയുടെ വൈദ്യുതിവിതരണ സംവിധാനവുമായി ബന്ധിപ്പിച്ചായിരിക്കും കച്ചവടം.സോളാർവൈദ്യുതിയുടെ ഉത്പാദനം പകൽ കൂടുതലാണ്. ഉപയോഗം കുറവും. അധികംവരുന്ന വൈദ്യുതിക്ക് പുതിയ നിലയങ്ങൾക്ക് പുതിയ ചട്ടപ്രകാരം 2.8 രൂപയാണ് ലഭിക്കുന്നത്. ഈ വൈദ്യുതി പകൽതന്നെ ഇതിനെക്കാൾ കൂടിയ വിലയ്ക്ക് മറ്റൊരാൾ വാങ്ങാൻ തയ്യാറായാൽ ഉത്പാദകന് മെച്ചമാണ്.
ഇത്ര വൈദ്യുതി വിൽക്കാനുണ്ടെന്ന് ഉത്പാദകർക്ക് വൈദ്യുതി വിതരണ പ്ലാറ്റ്ഫോം ആപ്പിലൂടെ അറിയിക്കാം. ആവശ്യക്കാരന് ആപ്പിലൂടെത്തന്നെ വൈദ്യുതി ഓർഡർചെയ്യാം. ഉത്പാദകരും ആവശ്യക്കാരും പരസ്പരം സമ്മതിക്കുന്ന വിലയ്ക്ക് കച്ചവടം നടക്കും. ഓർഡർചെയ്ത വൈദ്യുതി ആ വിലയ്ക്ക് കെഎസ്ഇബിയുടെ ലൈനിൽനിന്ന് സ്വീകരിക്കാം. കെഎസ്ഇബിയുടെ വിതരണശൃംഖല ഉപയോഗിക്കുന്നതിന് ചാർജുകൾ ബാധകമാകുമെന്ന് റെഗുലേറ്ററി കമ്മിഷൻ അംഗം ബി. പ്രദീപ് പറഞ്ഞു.പുതിയ ചട്ടങ്ങളിൽ നിർേദശിക്കുന്ന വെർച്വൽ നെറ്റ് മീറ്ററിങ്ങും സംരംഭങ്ങൾക്ക് വഴിവെക്കുന്നതാണ്. ഫ്ലാറ്റ്സമുച്ചയങ്ങളിൽ പ്ലാന്റ് സ്ഥാപിക്കാതെതന്നെ മറ്റു സംരംഭകരിൽനിന്ന് വൈദ്യുതി വാങ്ങാനുള്ള സൗകര്യവുമുണ്ടാകും. ഒരു ഡിവിഷന്റെ കീഴിലാണ് പ്ലാന്റും ഫ്ലാറ്റുമെങ്കിൽ വിതരണപ്രസരണ ചാർജും നൽകേണ്ടതില്ല.